കൂടിയാട്ടം കലാകാരി മാര്‍ഗി സതി അന്തരിച്ചു

single-img
1 December 2015

1പ്രശസ്ത നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതി(50) അന്തരിച്ചു. അര്‍ബുദ രോഗബാധിതയായി ആര്‍.സി.സിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.1965ല്‍ പുത്തില്ലത്ത് സുബ്രഹ്മണ്യന്‍ എമ്പ്രാന്തിരിയുടെയും പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകളായി തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയിലാണ് സതിയുടെ ജനനം. ശ്രീരാമചരിതം നങ്ങ്യാര്‍കൂത്ത് മാര്‍ഗി സതിയുടെ സംഭാവനയാണ്. കേരള കലാമണ്ഡലത്തില്‍ നിന്ന് കൂടിയാട്ടത്തിലെ അതികായരായ പൈങ്കുളം രാമ ചാക്യാര്‍, മണി മാധവ ചാക്യാര്‍, അമ്മന്നൂര്‍ മാധവ ചാക്യാര്‍ എന്നിവരുടെ കീഴില്‍ വിദ്യ അഭ്യസിച്ചിട്ടുണ്ട്. കേരളത്തിലെ നങ്ങ്യാര്‍കൂത്തിന്റെ വളര്‍ച്ചക്ക് നിസ്തുല സംഭാവനകള്‍ നല്‍കിയിട്ടുള്ള മാര്‍ഗി സതി ദൃഷ്ടാന്തം, നോട്ടം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ഇന്ത്യക്കകത്തും പുറത്തുമായി ഒട്ടേറെ വേദിയില്‍ അവര്‍ കലാരൂപം അവതരിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് 2002 ല്‍ ലഭിച്ചു. 2008 ല്‍ കലാദര്‍പ്പണം അവാര്‍ഡ്, നാട്യരത്‌ന പുരസ്‌കാരം എന്നിവയും ലഭിച്ചു. നങ്ങ്യാര്‍കൂത്തിനെക്കുറിച്ചുള്ള ഗവേഷണത്തിന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജൂനിയര്‍ ഫെലോഷിപ്പും നേടിയിട്ടുണ്ട്.