വാടക കുടിശ്ശിക തീർക്കാത്തതിനാൽ ആസിഫ് അലിയുടെ റസ്റ്റോറന്റിന് നോട്ടീസ്

single-img
1 December 2015

Asif_Aliകൊച്ചി: നടൻ ആസിഫ് അലി നടത്തുന്ന കൊച്ചിയിലെ ‘വാഫ്ൾ സ്ട്രീറ്റ്’ എന്ന ഭക്ഷണശാല ഒഴിയണം എന്ന് കാണിച്ച് കെട്ടിടമുടമയുടെ വക്കീൽ നോട്ടീസ്. 6.34 ലക്ഷം വാടക കുടിശ്ശിക അടച്ചുതീർക്കാത്തതിനാലാണിത്.

കൊച്ചി പനംപള്ളി നഗറിൽ ആസിഫും രണ്ട് സുഹൃത്തുക്കളും പാർട്ട്ണർഷിപ്പിൽ നടത്തുന്ന ഭക്ഷണശാലയാണ് വാഫ്ൾ സ്ട്രീറ്റ്. അബ്ദുൾ സലാം എന്ന വ്യക്തിയുടെ സ്ഥലവും കെട്ടിടവും വാടകയ്ക്കെടുത്താണ് ഇത് പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ വക്കീൽ കെ. ഷാജി മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ആസിഫ് അലിയും കൂട്ടരും 15 ദിവസത്തിനകം സ്ഥലം ഒഴിയണമെന്നും വാടക കുടിശ്ശികയിനത്തിൽ 6.34 ലക്ഷം രൂപയും കെട്ടിടത്തിന്റെ കേടുപാടുകൾക്ക് പരിഹാരമായി ഒന്നര ലക്ഷവും നൽകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ കറൻറ് ബില്ലും വാട്ടർ ബില്ലും അടക്കാൻ വൈകാറുണ്ടെന്നും പരാതിയുണ്ട്.

ഭക്ഷണശാല തുടങ്ങിയ ആദ്യമാസം മുതൽ വാടക കൃത്യമായി തന്നിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. അനുവാദമില്ലാതെ അവിടം സിനിമാ ഷൂട്ടിങ്ങിനായി നൽകിയതായും പറയുന്നുണ്ട്. എന്നാൽ തങ്ങളെ ഒഴിവാക്കാനുള്ള ശ്രമമാണ് അബ്ദുൾ സലാം നടത്തുന്നതെന്ന് ആസിഫിന്റെ പാർട്ടണർമാരിലൊരാളായ ബ്രിജീഷ് മുഹമ്മദ് ആരോപിച്ചു.