പുടിനെ വെല്ലുവിളിച്ച് ഉര്‍ദുഗാന്‍; ഐസിസില്‍ നിന്നും തുര്‍ക്കി എണ്ണവാങ്ങുന്നുവെന്ന് തെളിയിച്ചാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന്‍ തുര്‍ക്കി പ്രസിഡന്റ്

single-img
1 December 2015

Rajab-Dayib-Ardugaanഅങ്കാറ: പുടിനെ വെല്ലുവിളിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വെയ്ബ് ഉര്‍ദുഗാന്‍.  ഐസിസില്‍ നിന്നും തുര്‍ക്കി എണ്ണവാങ്ങുന്നുവെന്ന് തെളിയിച്ചാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന്‍ ഉര്‍ദുഗാന്‍.  റഷ്യന്‍ പോര്‍വിമാനം തുര്‍ക്കി വെടിവെച്ചിട്ടതിന് പിന്നാലെ നടത്തിയ പ്രസ്താവനയില്‍ തുര്‍ക്കി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ആരോപിച്ചിരുന്നു.

എന്തെങ്കിലും ആരോപിക്കുകയാണെങ്കില്‍ അത് തെളിയിക്കാന്‍ തയ്യാറാകണം. ഐഎസില്‍ നിന്നും തുര്‍ക്കി എണ്ണ വാങ്ങുന്നുവെന്ന ആരോപണത്തിന്റെ തെളിവുകള്‍ മേശപ്പുറത്തുവെക്കൂ. തങ്ങളൊന്ന് കാണട്ടെ. എര്‍ദോഗന്‍ റഷ്യയെ വെല്ലുവിളിച്ചു. ആരോപണം ശരിയാണെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണ്. മറിച്ചെങ്കില്‍ പുടിനും ഇതുപോലെ ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു. സമചിത്തതയോടെയണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വൈകാരിക പ്രതികരണം തന്ത്രപ്രധാന മേഖലകളില്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഇരു രാഷ്ട്രങ്ങള്‍ക്കും ഗുണകരമാവില്ല. എര്‍ദോഗന്‍ പറഞ്ഞു.

പാരിസില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്കിടെ തുര്‍ക്കിക്കെതിരെ പുടിന്‍ തന്റെ ആരോപണം ആവര്‍ത്തിച്ചിരുന്നു. തുര്‍ക്കിയിലേക്കുള്ള എണ്ണ വിതരണം സംരക്ഷിക്കാനാണ് റഷ്യന്‍ വിമാനം തുര്‍ക്കി വെടിവെച്ചിട്ടതെന്നും ഇസ്ലാമിക് സ്റ്റേറ്റ് തുര്‍ക്കിയ്ക്ക് എണ്ണ വില്‍ക്കുന്നതിനെ കുറിച്ച് റഷ്യുടെ പക്കല്‍ കൂടുതല്‍ തെളിവുകളുണ്ടെന്നും പുടിന്‍ പറഞ്ഞിരുന്നു.

ഐഎസിനെതിരായ സൈനിക നടപടിയില്‍ ആദ്യമൊക്കെ മടിച്ചിരുന്ന തുര്‍ക്കി കഴിഞ്ഞ ഓഗസ്റ്റിലാണ് നാറ്റോ സഖ്യസേനയ്ക്ക് തങ്ങളുടെ എയര്‍ ബേസ് തുറന്നുകൊടുത്തത്. സിറിയയിലെ അസദ് ഭരണകൂടത്തെ എതിര്‍ക്കുന്ന തുര്‍ക്കി ഭീകരരോട് കണ്ണടയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ടായിരുന്നു.

കഴിഞ്ഞ മാസം 24ന് സിറിയന്‍ അതിര്‍ത്തിയില്‍ റഷ്യയുടെ സുഖോയ് എസ് യു-24 പോര്‍വിമാനം വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് തുര്‍ക്കി വെടിവെച്ചിട്ടിരുന്നു. വിമാനത്തില്‍ നിന്നും പാരഷൂട്ടിലൂടെ രക്ഷപ്പെട്ട റണ്ട് പൈലറ്റുമാരില്‍ ഒരാളെ സിറിയയിലെ വിമത സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ വിമത സേന നടത്തിയ ആക്രമണത്തില്‍ റഷ്യയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയും ഒരു മറീന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.