ഇന്ത്യയുടെ യഥാര്‍ത്ഥ അഴുക്ക് കിടക്കുന്നത് തെരുവുകളിലല്ല നമ്മുടെ മനസ്സിലാണെന്ന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി

single-img
1 December 2015

pranab_speech_759അഹമ്മദാബാദ്: സ്വച്ഛഭാരത് ദൗത്യത്തെ മികച്ച വിജയമാക്കാന്‍ നമുക്ക് സാധിച്ചു, ഇന്ത്യയുടെ യഥാര്‍ത്ഥ അഴുക്ക് കിടക്കുന്നത് തെരുവുകളിലല്ലെന്നും നമ്മുടെ മനസ്സിലാണെന്ന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തെ അസഹിഷ്ണുതക്കെതിരെ വീണ്ടു അതിശക്തമായ പ്രതികരണവുമായി  രാഷ്ട്രപതി രംഗത്ത്.   നേരത്തെ ദാദ്രി സംഭവത്തെ തുടര്‍ന്ന് നേരത്തെ   പ്രണബ് മുഖര്‍ജി  അസഹിഷ്ണുതയില്‍ പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഗുജറാത്തിലെ അഹമ്മദാബാദില്‍ സബര്‍മതി ആശ്രമത്തില്‍ നടന്ന പരിപാടിയിലാണ് രാഷ്ട്രപതി വീണ്ടും സഹിഷ്ണുതയെ കുറിച്ച് വീണ്ടും ഓര്‍മ്മിപ്പിച്ചത്. ‘എല്ലാ ദിവസവും അസാധാരണമായ രീതിയിലുള്ള അതിക്രമങ്ങളാണ് ചുറ്റും കണ്ടുകൊണ്ടിരിക്കുന്നത്. ഇരുട്ടും ഭീതിയും അവിശ്വാസവുമാണ് ഈ സംഘര്‍ഷങ്ങള്‍ക്കെല്ലാം കാരണം. വര്‍ധിച്ചുവരുന്ന ഈ അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഒരിക്കലും അഹിംസയുടെയും സംഭാഷണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ശക്തിയെ മറന്നുപോകരുതെന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.

‘ഹിംസയുടെ എല്ലാ രൂപങ്ങളില്‍നിന്നും മുക്തമാകാന്‍ നമുക്ക് സാധിക്കണം. ഹിംസാരഹിത സമൂഹത്തിന് മാത്രമേ എല്ലാവിഭാഗം ജനങ്ങളയും ഏകോപിപ്പിച്ച് നിര്‍ത്താന്‍ കഴിയൂ.  കൊലപാതകിയുടെ വെടിയുണ്ടയേറ്റ് മരിക്കുമ്പോഴും ചുണ്ടില്‍ രാമനാമം ജപിച്ചതിലൂടെ ഗാന്ധിജി പഠിപ്പിച്ചത് വലിയ പാഠമാണ്. സമൂഹത്തെ ‘അവര്‍’ എന്നും ‘നമ്മള്‍’ എന്നും വേര്‍തിരിക്കുകയാണിപ്പോള്‍.

സ്വച്ഛ്ഭാരത് ദൗത്യം മഹത്തരവും വിജയവുമാക്കാന്‍ നമുക്ക് സാധിച്ചു. അതിനേക്കാള്‍  വിശാലതലത്തില്‍ മനസ്സിനെ ശുദ്ധീകരിക്കാന്‍ സാധിക്കണം. ഗാന്ധിജിയെ രാഷ്ടപിതാവ് എന്നനിലയില്‍ മാത്രം കണ്ടാല്‍ പോര. നമ്മുടെ പ്രവൃത്തികളെ ശരിയായ രീതിയില്‍ നയിക്കാന്‍ ധാര്‍മികമൂല്യം പകര്‍ന്നുതന്ന വ്യക്തിത്വം കൂടിയാണെന്ന് ഗാന്ധിജിയെന്ന് രാഷ്ട്രപതി പറഞ്ഞു.