മതവിദ്വേഷമുണ്ടാക്കുന്ന പ്രസ്താവന നടത്തിയതിനു വെളളാപ്പളളിയുടെ അറസ്റ്റ് ഉടനെന്ന് പൊലീസ്; അറസ്റ്റിനെ ഭയക്കില്ലെന്ന് തുഷാർ വെള്ളാപ്പള്ളി

single-img
1 December 2015

vellappally-with-sonകൊച്ചി: ആലുവയിലെ വിവാദപ്രസംഗത്തെ തുടര്‍ന്ന് വെള്ളാപ്പള്ളിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ്. ജാഥ തീരാന്‍ കാത്തുനില്‍ക്കില്ലെന്നും ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന. എന്നാല്‍ മുന്‍കൂര്‍ ജാമ്യം തേടില്ലെന്ന് തുഷാര്‍ വെളളാപ്പളളി പറഞ്ഞു. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. കേസ് രാഷ്ട്രീയപരമായ തീരുമാനമാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ താനൊന്നും പറഞ്ഞില്ലെന്നും സാമൂഹിക നീതി പാലിക്കണമെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെതിരെ വെള്ളാപ്പള്ളി നടത്തിയ വര്‍ഗീയ പ്രസ്താവനയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.  അതേസമയം കേസില്‍ അറസ്റ്റ് വരിയ്ക്കാന്‍ താന്‍ തയ്യാറാണെന്ന് വെളളാപ്പളളി പറഞ്ഞു. സെന്‍ട്രല്‍ ജയിലിലായിരിക്കും ജാഥയുടെ സമാപന സമ്മേളനം ആഘോഷിക്കുക. തന്നെ അറസ്റ്റ് ചെയ്യാമെന്ന് കരുതുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണ്. തന്നെ അകത്താക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ശപഥം. സുധീരനേക്കാള്‍ മഹാനാണ് പ്രവീണ്‍ തൊഗാഡിയെന്നും വെളളാപ്പളളി പറഞ്ഞിരുന്നു.

കേരളത്തില്‍ മരിക്കുന്നെങ്കില്‍ മുസ്ലീമായി മരിക്കണമെന്നാണ് വെള്ളാപ്പള്ളി പരിഹസിച്ചത്. നൗഷാദ് മരിച്ചപ്പോള്‍ കുടുംബത്തിന് ജോലിയും പത്ത് ലക്ഷം രൂപയും നല്‍കിയതായി വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഇവിടെ ജാതിയും മതവുമില്ല. എന്നാല്‍ അപകടത്തില്‍ മരിച്ച ഹാന്‍ഡ്‌ബോള്‍ താരങ്ങളുടെ കുടുംബത്തെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തിയിരുന്നു.