മറ്റൊരു ചൈനീസ് സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപണിയിലെത്തുന്നു; ക്വികു ക്യു ടെറ

single-img
1 December 2015

qikiലോകത്ത് എത് ഉത്പന്നമിറങ്ങിയാലും അതിന്റെ ഡ്യൂപ്ലിക്കേറ്റ് നിർമ്മിച്ച് കുറഞ്ഞ വിലയ്ക്ക് വിപണിയിൽ വിൽക്കുന്നതായിരുന്നു ചൈനയുടെ പ്രധാന ബിസിനസ്സ് ടെക്നിക്ക്. എന്നാൽ ഇന്ന് ചൈന അതിൽ നിന്നെല്ലാം വളരെ മാറിയിരിക്കുന്നു എന്ന് പറയാതെ വയ്യ. ഇന്ന് ലോകത്തെ പല ടെക്ക് വമ്പന്മാരും ചൈനയിലാണ് അവരുടെ ഉത്പന്നങ്ങൾ നിർമ്മിക്കുന്നു എന്നത് അതിന് തെളിവാണ്.

ചൈനീസ് ഉത്പന്നങ്ങളും ഇപ്പോൾ ആഗോള നിലവാരം പുലർത്തുന്നവയാണ്. ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ ഷവോമി ഇന്ത്യയിൽ വിജയക്കുതിപ്പ് തുടരുന്ന വേളയിൽ മറ്റൊരു ചൈനീസ് കമ്പനികൂടെ സ്മാർട്ട്ഫോൺ വിപണിയിലേക്ക് എത്തിയിരിക്കുകയാണ്. ചൈനീസ് ഇന്റർനെറ്റ് കമ്പനിയായ ക്വിഹൂ 360യും മൊബൈൽ നിർമാതാക്കളായ കൂൾപാഡും ഒന്നിച്ച സംയുക്ത സംരംഭമായ ക്വികു ( QiKU ) ആണ് ഇന്ത്യയിൽ പുതിയ സ്മാർട്ട്‌ഫോൺ എത്തിക്കുന്നത്.

ഉന്നതശ്രേണിയിലുള്ള ക്വികു ക്യു ടെറ ( QiKU Q Terra ) ആണ്  ഇന്ത്യൻ വിപണിയിലെത്തുന്ന പുതിയ സ്മാർട്ട്‌ഫോൺ. ശരികും  ഇതൊരു ഫാബ്‌ലറ്റ് ആണ്. ഒറ്റനോട്ടത്തിൽ തന്നെ ആകർഷകമായ രൂപകൽപനയാണ് ഫോണിന്റെ പ്രത്യേകത. ആറിഞ്ചാണ് ഡിസ്‌പ്ലേ വലിപ്പം. 1080×1920 പിക്‌സലിൽ ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയുടെ പിക്‌സൽ സാന്ദ്രത 386 പിപിഐ ആണ്.

2 ഗിഗാഹെർട്‌സ് ക്വാൽകോം ഹെക്‌സാ-കോർ സ്‌നാപ്ഡ്രാഗൺ പ്രൊസസറാണ് ക്യു ടെറയുടെ കരുത്ത്. 3 ജിബിയാണ് ക്യു ടെറയുടെ റാം മെമ്മറി. 16 ജിബി ഇന്റേണൽ സ്‌റ്റോറേജോടെ എത്തുന്ന ക്യു ടെറയ്ക്ക് 128 ജിബി വരെ എക്സ്റ്റേണൽ സ്‌റ്റോറേജ് വികസിപ്പിക്കാൻ സാധിക്കും. ആൻഡ്രോയ്ഡ് 5.1.1 ലോലിപോപ്പ് ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

രണ്ട് പിൻ ക്യാമറയാണ് ഈ ഫോണിൽ എടുത്തു പറയേണ്ട സവിശേഷതകളിലൊന്ന്. 13 മെഗാപിക്‌സലുള്ള രണ്ട് സെൻസറുകളാണ് റിയർ ക്യാമറ വിഭാഗത്തിലുള്ളത്. സോണിയുടെ രണ്ടു സെന്‍സറുകളിൽ ആദ്യത്തേത് സാധാരണ കളർ ചിത്രവും രണ്ടാമത്തെ സെൻസർ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവുമാണെടുക്കുക. ഇവ സംയോജിച്ചെടുക്കുന്ന ചിത്രങ്ങൾ കൂടുതൽ മിഴിവുള്ളതാകുമെന്നും കമ്പനി അവകാശപ്പെടുന്നു. ഡ്യുവൽ-ടോൺ എൽഇഡി ഫ് ളാഷും ക്യാമറയ്ക്ക് പിന്തുണയായുണ്ട്. സെക്കന്‍ഡിന്റെ പത്തിലൊരംശത്തിൽ ഫോക്കസ് ചെയ്യാനാകുന്ന ‘ഫാസ്റ്റ് ഫോക്കസ്’ ഫീച്ചറും ക്വികു ക്യാമറയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 8 മെഗാപിക്സലിന്റെതാണ് മുൻക്യാമറ.

ഡുവൽ സിം കാർഡ് സംവിധാനമുള്ള ക്യു ടെറയിൽ 4ജി എൽടിഇ, ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി തുടങ്ങിയ സംവിധാനങ്ങളെല്ലാമുണ്ട്. 3700 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഊർജം പകരുന്നത്. 5 മിനിറ്റ് ചാർജിങ്ങിൽ രണ്ട് മണിക്കൂർ ഉപയോഗവും 70 മിനിറ്റു കൊണ്ട് പൂർണ ചാർജിങ്ങും ടെറ ക്യുവിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഫോൺ ലോക്കിങ്ങിനായി ഫിംഗര്‍പ്രിന്റ് സെൻസർ സംവിധാനവുമുണ്ട്.

ഡിസംബർ 5 മുതൽ ക്വികു ക്യു ടെറ വിപണിയിൽ ലഭ്യമായി തുടങ്ങും.  ഓൺലൈൻ വഴി നേരിട്ട് വാങ്ങുമ്പോൾ വില 21,999 രൂപയാകും. അതേസമയം, ക്യു-ഇൻവൈറ്റ് സംവിധാനം വഴി 19,999 രൂപയ്ക്ക് ലഭിക്കും.