ആമിർ ഖാനെ പിന്തുണച്ച് ഷാരൂഖ് ഖാൻ; ഒരു വ്യക്തിയുടെ രാജ്യസ്നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ടതില്ലെന്ന് ഷാരൂഖ് ഖാൻ
മുംബൈ: ആമിർ ഖാനെ പിന്തുണച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഒരു വ്യക്തിയുടെ രാജ്യസ്നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ടതില്ലെന്ന് ഷാരൂഖ് ഖാൻ. രാജ്യത്തിനുവേണ്ടി നല്ലതു ചിന്തിക്കുന്നതിലൂടെയും നല്ലതു പ്രവർത്തിക്കുന്നതിലൂടെയും രാജ്യസ്നേഹം തെളിയിക്കാനാകും. മറ്റൊരു രീതിയിലും ഒരു വ്യക്തി തന്റെ രാജ്യസ്നേഹം തെളിയിക്കേണ്ടതില്ല.
താൻ രാജ്യത്തിനുവേണ്ടി നല്ലതു പ്രവർത്തിച്ചാൽ അതിൽ നിന്നും തന്റെ രാജ്യത്തിനു നേട്ടമുണ്ടാകും. പക്ഷേ താൻ അഴിമതിക്കാരനായാൽ അതെന്റെ രാജ്യത്തിനു നാശമുണ്ടാക്കുമെന്നും ഷാരൂഖ് പറഞ്ഞു.കൃത്യമായി തനിക്ക് അറിയാവുന്ന വിഷയത്തെക്കുറിച്ച് മാത്രമേ സംസാരിക്കാൻ പാടുള്ളൂ എന്നു തനിക്ക് ഇപ്പോൾ മനസ്സിലാക്കി കഴിഞ്ഞു.
എല്ലാ വിഷയത്തെക്കുറിച്ചും താൻ സംസാരിക്കേണ്ട ആവശ്യമില്ലെന്നും 25 വർഷത്തിലധികമായി തനിവിടെ ഉള്ളതുകൊണ്ട് എന്തിനെക്കുറിച്ചും തനിക്ക് സംസാരിക്കാം എന്നു ചിലർ ധരിക്കുന്നുണ്ടെന്നും ഷാരൂഖ് പറഞ്ഞു.ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിലൂടെ ആർക്കും തുറന്ന അഭിപ്രായപ്രകടനം നടത്താം. ചിലരതിനെ ദുരുപയോഗം ചെയ്യുന്നു. പൊതുവായ പ്രസ്താവനകൾ പോലും സോഷ്യൽ മീഡിയകളിലൂടെ വർഗീയ പ്രസ്താവനകളായി ജനങ്ങൾക്കിടയിൽ മാറുന്നുവെന്നും ഷാരൂഖ് വ്യക്തമാക്കി.