ഏഴുവയസ്സുകാരിക്ക് രണ്ടാനമ്മയുടെ ക്രൂരപീഢനം; മരക്കമ്പു കൊണ്ട് മലദ്വാരത്തില്‍ കുത്തിയും കൈ തല്ലിയൊടിച്ചും മര്‍ദ്ദനം; കുട്ടിയ്ക്ക് ശസ്ത്രക്രിയ

single-img
30 November 2015

cruelty.jpg.image.784.410

നിലമ്പൂര്‍: ഏഴ് വയസ്സുകാരിക്കു മേല്‍ രണ്ടാനമ്മയുടെ ക്രൂരമര്‍ദനം. രണ്ടാനമ്മ സെറീന (31) മരക്കമ്പുകൊണ്ട് കുട്ടിയുടെ മലദ്വാരത്തില്‍ കുത്തി മുറിവേല്‍പ്പിച്ചെന്നും മൂന്നുതവണ കൈ തല്ലി ഒടിച്ചെന്നും കുട്ടിയുടെ മൊഴി. ബാലികയുടെ പിതാവ് ഗള്‍ഫിലാണ്.

മലപ്പുറത്തെ കവളമുക്കട്ടയിലാണ് സംഭവം. രണ്ടാനമ്മയെ പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റു ചെയ്തു. പൊലീസും ചൈല്‍ഡ്‌ലൈനും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. രണ്ടാനമ്മ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുമായിരുന്നെന്നു ബാലിക മൊഴി നല്‍കി. വടികൊണ്ട് അടിയേറ്റ് വലതുകൈ മൂന്നുതവണ ടിഞ്ഞു. കൈകളിലും തുടയിലും തലയിലും മുറിപ്പാടുകളുണ്ട്. മുഖത്ത് കടിച്ചു പരുക്കേല്‍പ്പിച്ചതായും മൊഴിയിലുണ്ട്.

പിതാവിന്റെ രണ്ടാം ഭാര്യയിലുള്ളതാണ് കുട്ടി. കുട്ടിയുടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് മൂന്നാം വയസ്സില്‍ കുട്ടിയുടെ സംരക്ഷണം പിതാവ് ആദ്യ ഭാര്യയായ സെറീനയെ ഏല്‍പ്പിച്ചു. ഇവര്‍ക്ക് നാലു മക്കളുണ്ട്.

സ്‌കൂള്‍ വിട്ടാലും രണ്ടാനമ്മയെ പേടിച്ച് വീട്ടിലേക്ക് പോകാന്‍ കുട്ടി മടി കാണിച്ചിരുന്നു. ഇടയ്ക്കിടെ വിവരം അന്വേഷിക്കാന്‍ കവളമുക്കട്ടയില്‍ ചെല്ലുമ്പോള്‍ ഭയന്ന് കുട്ടി ഒന്നും മിണ്ടാറില്ലെന്നു മാതൃവീട്ടുകാര്‍ പറഞ്ഞു. കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് രണ്ട് മാസം മുമ്പ് രണ്ടാനമ്മയുടെയും പിതാവിന്റെയും ആവശ്യപ്രകാരം കുട്ടിയുടെ മാതൃസഹോദരി അവരുടെ വീട്ടിലേക്കു കുട്ടിയെ കൂട്ടിക്കൊണ്ടുവന്നു.

കമ്പുകൊണ്ട് കുത്തേറ്റ മുറിവുമൂലം മലദ്വാരവും മൂത്രനാളിയും ഒന്നായ നിലയിലാണെന്നു ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി. മുറിവേല്‍പ്പിച്ചിട്ട് രണ്ടു വര്‍ഷമെങ്കിലും ആയിട്ടുണ്ടെന്നാണ് നിഗമനം. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. വയര്‍ തുളച്ചിട്ട ട്യൂബിലൂടെയാണ് ഇപ്പോള്‍ വിസര്‍ജനം. സ്വാഭാവിക രീതിയിലാവാന്‍ രണ്ടു ശസ്ത്രക്രിയ കൂടി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരായ മുഹ്‌സിന്‍ പരി, ജുനൈദ് വല്ലാഞ്ചിറ എന്നിവര്‍ ബാലികയുടെ മൊഴിയെടുത്തു. ഇന്നലെ രാത്രി വൈകി സ്ഥലത്തെത്തിയ പൊലീസും മൊഴിയെടുത്തിട്ടുണ്ട്.