ഇന്ത്യയില്‍ നിന്ന് ആഗോള വിപണിയിലെത്തിയ ആദ്യ ഹാര്‍ഡ്‌വെയര്‍ ഉത്പന്നത്തിന്റെ നിര്‍മ്മിതിക്കു പിന്നില രണ്ട് മലയാളികള്‍

single-img
30 November 2015

cochin-bike.jpg.image.784.410

കൊച്ചി: ഫോണും കംപ്യൂട്ടറുമൊക്കെ വിരലില്‍ അണിയാന്‍ കഴിയുന്ന ഒരു മോതിരം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക; കുറച്ച് നാളുകള്‍ക്ക് മുന്‍പ് റോഹില്‍ദേവിന്റേയും സംഘത്തിന്റേയും സ്വപ്നമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ അവരത് സാക്ഷാത്കരിച്ചിരിക്കുകയാണ്. കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജില്‍ വളര്‍ത്തിയെടുത്ത ഫിന്‍ റോബോട്ടിക്‌സാണ് അതു സാധിച്ചിരിക്കുന്നത്.

വിരലില്‍ അണിയാവുന്ന മോതിരം ഉപയോഗിച്ച് ബ്‌ളൂടൂത്തിലൂടെ സ്മാര്‍ട്ട് ഫോണും കംപ്യൂട്ടറും സ്മാര്‍ട്ട് ടിവിയും മറ്റും നിയന്ത്രിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ‘നെയ’ എന്നു പേരിട്ടിരിക്കുന്ന മോതിരത്തില്‍ ടച്ച് ചെയ്യുക, സ്വൈപ് ചെയ്യുക വഴി ഇത് സാധ്യമാകും.

സ്റ്റാര്‍ട്ടപ് വില്ലേജില്‍ വിരിഞ്ഞ ഫിന്‍ റോബോട്ടിക്‌സ് രൂപം കൊടുത്ത ഹൈടെക് മോതിരം ആമസോണിലൂടെയും അമേരിക്കയിലെയും ബ്രിട്ടനിലെയും വന്‍കിട റീട്ടെയില്‍ സ്റ്റോറുകളിലൂടെയും വില്‍പ്പന ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് ആഗോള വിപണിയിലെത്തിയ ആദ്യ ഹാര്‍ഡ്‌വെയര്‍ ഉത്പന്നമെന്ന പ്രത്യേകതയും നെയയ്ക്കുണ്ട്. സോഫ്റ്റ്‌വെയര്‍ രംഗത്തെ അതികായന്‍മാരായ ഇന്ത്യന്‍ കമ്പനികള്‍ക്കൊന്നിനും ഇതുവരെ ഹാര്‍ഡ്‌വെയര്‍ ഉത്പന്നം ഉണ്ടാക്കി ആഗോള വിപണിയില്‍ എത്തിക്കാനായിട്ടില്ല എന്നതാണ് സത്യം.

ഡോണകരണ്‍ ന്യൂയോര്‍ക്ക് (ഡികെഎന്‍വൈ) എന്ന പ്രശസ്ത ബ്രാന്‍!ഡിന്റെ സ്റ്റോറുകളിലൂടെയാണ് നെയ വില്‍പ്പന തുടങ്ങിയത്. ഡോണകരണ്‍ തന്നെ ന്യൂയോര്‍ക്കില്‍ വിപണനം ഉദ്ഘാടനം ചെയ്തു. ബ്‌ളൂമിംഗ്‌ഡേല്‍, ബ്രൂക്ക്‌സ്റ്റോണ്‍, ഹാരഡ്‌സ് തുടങ്ങിയ ആഡംബര റീട്ടെയില്‍ സ്റ്റോറുകളിലൂടെയും വില്‍പ്പന നടത്തുന്നുണ്ട്. 139 ഡോളര്‍ വിലയിട്ട ഉത്പന്നം ആമസോണിലൂടെയും ലഭിക്കും. ഓരോ മോതിരം വില്‍ക്കുമ്പോഴും 69 ഡോളര്‍ ഫിന്‍ റോബോട്ടിക്‌സിനും ലഭിക്കും.

ഇത്തരമൊരു ഉത്പന്നം ഇന്ത്യയില്‍ അതും കേരളത്തില്‍ നിന്നാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതിനാല്‍ സിലിക്കണ്‍ വാലിയില്‍ പരിചയ സമ്പന്നനായ ടെക്ക് നിക്ഷേപകന്‍ കേയൂര്‍ പട്ടേലിന്റെ സഹായം തേടുകയായിരുന്നു റോഹില്‍ദേവും സംഘവും. മോതിരത്തിന്റെ ആശയവും ബുദ്ധികേന്ദ്രവുമാണു മലയാളി യുവാക്കളുടേത്. വിവിധ ഉത്പന്നങ്ങള്‍ നിയന്ത്രിക്കാനുള്ള സോഫ്റ്റ്‌വെയര്‍ അല്‍ഗോരിതം ഉണ്ടാക്കിയതും റോഹില്‍ദേവും സംഘവുമാണ്. പക്ഷേ മോതിരത്തിന്റെ വ്യവസായ രൂപകല്‍പ്പന നടത്തിയത് കേയൂര്‍ പട്ടേലിന്റെ സിലിക്കണ്‍ വാലിയിലെ ലാബിലാണ്. ചിപ്പ് ഉള്‍പ്പടെ ഉത്പന്നത്തിന്റെ നിര്‍മ്മാണം ജപ്പാനിലും നടന്നു. അതോടെ പാശ്ചാത്യ വിപണിയില്‍ വിശ്വാസ്യത കൈവരിക്കാന്‍ അവര്‍ക്ക് സാധിച്ചു.

സ്റ്റാര്‍ട്ടപ് വില്ലേജില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഫിന്‍ റോബോട്ടിക്‌സ് ക്രൗഡ് ഫണ്ടിങ് വഴി രണ്ടു ലക്ഷം ഡോളര്‍ സ്വരൂപിച്ചിരുന്നു. ഉത്പന്നന്നത്തിന്റെ പ്രോട്ടോടൈപ് നിര്‍മ്മാണത്തിന് അതു സഹായകമായി. 1400 പേരാണ് ക്രൗഡ് ഫണ്ടിംഗില്‍ പങ്കെടുത്തത്. പിന്നീട് ഫ്യൂസ് കാപിറ്റല്‍ എന്ന വന്‍കിട വെഞ്ച്വര്‍ കാപിറ്റല്‍ കമ്പനി ഉടമയായ കേയൂര്‍ പട്ടേലിന്റെ വരവോടെ ഫണ്ട് പ്രശ്‌നമല്ലാതായി. നിക്ഷേപത്തിനു പകരമായി കേയൂര്‍ പട്ടേലിന് ഫിന്‍ റോബോട്ടിക്‌സില്‍ ഓഹരി നല്‍കിയിട്ടുണ്ട്. നിലവില്‍ ഫിന്‍ റോബോട്ടിക്‌സ് കോ–ഫൗണ്ടറും കോ–സിഇഒയുമായ റോഹില്‍ ദേവിനൊപ്പം 15 പേര്‍ മാത്രമാണുള്ളത്. തിരുവനന്തപുരത്തെ നെടുമങ്ങാട് കേന്ദ്രമാക്കിയാണു പ്രവര്‍ത്തനം.

ഇന്ത്യയില്‍ വിരിയുന്ന സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്കാകെ മാതൃകയാണ് ഹാര്‍ഡ്‌വെയര്‍ രംഗത്തെ ഏക മലയാളി കമ്പനിയുടെ വിജയം. ആഗോള തലത്തില്‍ ചിന്തിച്ച് സിലിക്കണ്‍വാലിയില്‍ നിന്നു നിക്ഷേപകനേയും കണ്ടെത്തിയതാണ് നെയ മോതിരത്തിന്റെ ആഗോള വിപണനം. ഐഐഎം അഹമ്മദാബാദ് ഫിന്‍ റൊബോട്ടിക്‌സിനെ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കു കെയ്‌സ് സ്റ്റഡിയാക്കിയിട്ടുണ്ട്.