മുഖ്യമന്ത്രിക്കെതിരെ കോടതിയെ സമീപിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് അനുമതി തേടി ഡി.ജി.പി ജേക്കബ് തോമസ്

single-img
30 November 2015

jacob thomas

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നിയമ നടപടിയ്ക്ക് അനുവാദം നല്‍കണമെന്നുമാവശ്യപ്പെട്ട് ഡി.ജി.പി ജേക്കബ് തോമസ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് കത്തയച്ചു. ഫ്‌ലാറ്റ് മാഫിയയ്‌ക്കെതിരെ നടപടിയെടുത്ത തന്നെ ജനവിരുദ്ധനായി മുഖ്യമന്ത്രി ചിത്രീകരിച്ചെന്നും ഇതിനെതിരെ മുഖ്യമന്ത്രിയ്‌ക്കെതിരെ നിയമപരമായി നീങ്ങാനുമാണ് ജേക്കബ് തോമസ് അനുവാദം തേടിയിരിക്കുന്നത്.

10 ദിവസത്തിനകം മുഖ്യമന്ത്രി പ്രസ്താവന തിരുത്തിയില്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കാന്‍ അനുവദിക്കണമെന്നും ജേക്കബ് തോമസ് കത്തില്‍ ആവശ്യപ്പെടുന്നു. ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ ഏല്‍പിച്ച കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി.

നിയമം നടപ്പാക്കിയ തന്നെ ജനവിരുദ്ധനെന്നും സര്‍ക്കാര്‍ നയങ്ങള്‍ അനുസരിക്കാത്തവനെന്നും മുഖ്യമന്ത്രി പരസ്യമായി കുറ്റപ്പെടുത്തിയെന്നും ജേക്കബ് തോമസ് കത്തില്‍ പറയുന്നു. ജനാഭിലാഷം നിറവേറ്റിയ ഐ.പി.എസ്. ഉദ്യോഗസ്ഥനാണു താന്‍. ഫ്‌ലാറ്റ് മാഫിയയെ നിയന്ത്രിക്കാന്‍ നടപടിയെടുത്തതു ജനസുരക്ഷയ്ക്കായാണ്. സര്‍ക്കാരിന്റെ ഇച്ഛയ്‌ക്കൊത്തു നില്‍ക്കാത്തവരെ നിലയ്ക്കുനിര്‍ത്തുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണു നിയമനടപടി തേടുന്നത് എന്നും പോലീസ് മേധാവിക്കു നല്‍കിയ കത്തില്‍ ജേക്കബ് തോമസ് ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തിലാണു മുഖ്യമന്ത്രിക്കെതിരേ സിവിലായും ക്രിമിനലായും കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. 10 ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ലെങ്കില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്നും ജേക്കബ് തോമസ് കത്തില്‍ ആവശ്യപ്പെടുന്നു.

സംസ്ഥാന പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിക്കെതിരേ നിയമനടപടിക്കൊരുങ്ങുന്നത്. ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി ഉത്തരവു സംബന്ധിച്ച്, സത്യം ജയിച്ചെന്നായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ഫ്‌ലാറ്റ് മാഫിയയെ നിയന്ത്രിച്ചതിന്റെ പേരിലാണ് ഫയര്‍ഫോഴ്‌സ് മേധാവിസ്ഥാനത്തുനിന്നും തന്നെ നീക്കിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജേക്കബ് തോമസിനോടു സര്‍ക്കാര്‍ വിശദീകരണമാവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വിമര്‍ശിച്ചിട്ടില്ലെന്നും സര്‍ക്കാര്‍നയം നടപ്പാക്കുക മാത്രമാണു ചെയ്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.