നിതീഷ്കുമാർ മന്ത്രിസഭയിലെ അംഗങ്ങളെല്ലാം വിദ്യാഭ്യാസമില്ലാത്തവരാണെന്ന പ്രചാരണം പൊളിയുന്നു; 28 മന്ത്രിമാരിൽ 17 പേരും ബിരുദമോ അതിനും മുകളിലോ യോഗ്യതയുള്ളവര്‍

single-img
29 November 2015

nitheeshപട്ന ∙ ബിഹാറിൽ നിതീഷ്കുമാർ മന്ത്രിസഭയിലെ അംഗങ്ങളെല്ലാം വിദ്യാഭ്യാസമില്ലാത്തവരാണെന്ന് പ്രചാരണം പൊളിയുന്നു. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെല്ലാം നിരക്ഷരരോ വിദ്യാഭ്യാസം കുറഞ്ഞവരോ ആണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണം. ബിഹാർ ഇലക‌്ഷൻ വാച്ച്, അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസ് എന്നീ സംഘടനകളാണു ഈ കള്ളം പൊളിച്ചത്. സത്യത്തിൽ 28 മന്ത്രിമാരിൽ 17 പേരും ബിരുദമോ അതിനും മുകളിലോ യോഗ്യതയുള്ളവരാണ്.

ഈ 17 പേരിൽ അഞ്ചുപേർ ബിരുദധാരികൾ, നാലുപേർ ബിരുദാനന്തര ബിരുദമുള്ളവർ, മൂന്നുപേർക്കു ഡോക്ടറേറ്റുണ്ട്. അഞ്ചുപേർ പ്രഫഷനൽ ബിരുദധാരികൾ. തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽനിന്നുള്ള വിവരമാണു സംഘടനകൾ പുറത്തുവിട്ടത്.

മന്ത്രി ശിവചന്ദ്ര റാം നിരക്ഷരനാണെന്നായിരുന്നു ആരോപണം. എന്നാൽ യഥാര്‍ത്ഥത്തില്‍ അദ്ദേഹം ബിരുദധാരിയാണ്. ശൈലേഷ് കുമാർ രണ്ടാം ക്ലാസുവരെയും വിജയ് പ്രകാശ് അഞ്ചുവരെയും പഠിച്ചവരെന്നായിരുന്നു പ്രചാരണം. എന്നാൽ ഇരുവരും ബിരുദാനന്തര ബിരുദധാരികളാണ്. മദൻമോഹൻ ഝാ ഏഴാം ക്ലാസുകാരനെന്നാണു പ്രചരിപ്പിച്ചത്.

സത്യത്തിൽ അദ്ദേഹത്തിനു ഡോക്ടറേറ്റുണ്ട്. പത്താം ക്ലാസ് പാസായ ആളെന്നു പറഞ്ഞ അശോക് ചൗധരിക്കും ഡോക്ടറേറ്റുണ്ട്. മറ്റു 11 മന്ത്രിമാർ സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ളവരാണെങ്കിലും പലരും മികച്ച രാഷ്ട്രീയ–ഭരണ പരിചയമുള്ളവരാണെന്നു പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിനു ധനമന്ത്രി അബ്ദുൽ ബാരി സിദ്ദിഖി പന്ത്രണ്ടാം ക്ലാസുവരെ മാത്രം പഠിച്ചയാളാണ്. എന്നാൽ അദ്ദേഹത്തിനു നാലു പതിറ്റാണ്ടത്തെ രാഷ്ട്രീയ പരിചയസമ്പത്തുണ്ട്.