നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ചെവി കൊടുക്കാതെ രാജ്യത്തിന്റെ പ്രതിച്ഛായയെക്കുറിച്ച് മാത്രം ആകുലപ്പെടുന്നത് സങ്കടകരമായ അവസ്ഥയാണെന്ന്‍ റസൂല്‍ പൂക്കുട്ടി

single-img
29 November 2015

resulpookuttiനരേന്ദ്രമോഡി സര്‍ക്കാരിന്റെ ആശങ്ക രാജ്യത്തിന്റെ പ്രതിച്ഛായയില്‍ മാത്രമാണെന്ന് ഒസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മറിച്ച് രാജ്യത്തിന്റെ പ്രതിച്ഛായയക്കുറിച്ച് മാത്രം ആകുലപ്പെടുകയും ചെയ്യുന്നത് സങ്കടകരമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഗോവ ചലച്ചിത്രോത്സവവേദിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു റസൂല്‍ പൂക്കുട്ടി.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. എഫ്ടിഐഐ വിഷയത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന ചരിത്രബോധമില്ലാത്തതിന്റേയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പാരമ്പര്യം എന്തെന്ന് മനസിലാക്കാത്തതിന്റേയും   തെളിവാണ്.  ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി അവരോധിച്ച വ്യക്തിക്ക് അതിനുള്ള യോഗ്യതയില്ലെന്ന് അദ്ദേഹത്തെ നിയമിച്ചവര്‍ക്കും അറിയാം. പക്ഷേ ഇത് രാഷ്ട്രീയമാണ്. ഒന്നും ചെയ്യാന്‍ കഴിയില്ല.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് പുതിയവ നിര്‍മ്മിക്കാമെന്നാണ് മന്ത്രി ഇതുസംബന്ധിച്ച യോഗത്തില്‍ പറഞ്ഞത്. ഇന്ത്യന്‍ സിനിമ പിറന്ന സ്ഥലമാണിത്. ചരിത്രപ്രാധാന്യമുള്ള, സംരക്ഷിക്കേണ്ട കെട്ടിടങ്ങള്‍ പൊളിയ്ക്കുമെന്നാണ് പറയുന്നത്. മന്ത്രി രാജ്യവര്‍ധന്‍ സിങ് രാത്തോഡ് പറഞ്ഞത് ലോകത്തെ മികച്ച 100 ഫിലിം ഇന്‍സ്റ്റ്റ്റിയൂട്ടുകളുടെ കൂട്ടത്തില്‍ പൂനെ വരില്ലെന്നാണ്. ഇതും മറ്റൊരു അബദ്ധപ്രസ്താവനയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ അസഹിഷ്ണുത സംബന്ധിച്ചുള്ള ആമിര്‍ ഖാന്റെ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഈ വിഷയത്തില്‍ ആമിര്‍ മാത്രമല്ല പ്രതികരിച്ചിട്ടുള്ളത്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുമൊക്കെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ട്. പക്ഷേ കലാകാരന്‍ പറയുമ്പോള്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നും പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.