പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരാണാസിയില്‍ കൊക്കകോളയുടെ വൻ ജല ചൂഷണം; പ്ലാച്ചിമടയ്ക്ക് സമാനമായ പ്രക്ഷോഭത്തിന് പ്രദേശവാസികൾ ഒരുങ്ങുന്നു

single-img
28 November 2015

coca colaവാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരണാസിയിലെ കൊക്കകോള പ്ലാന്റിൽ വൻ ജലചൂഷണം. ഇതിനെതിരെ കേരളത്തിലെ പ്ലാച്ചിമടയ്ക്ക് സമാനമായി വാരാണസിയിലെ ജനങ്ങളും പ്രക്ഷോഭത്തിനൊരുങ്ങുന്നു. കമ്പനിയുടെ ബോട്ടലിങ് പ്ലാന്റിനെതിരെ 18 വില്ലേജ് കൗൺസിലുകളും രംഗത്തെത്തിയിരിക്കുകയാണ്.

അമിത ജലചൂഷണം കാരണം പ്രദേശത്ത് കടുത്ത ജലക്ഷാമം അനുഭവിക്കുകയാണെന്നും പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. കൃഷി ഉപജീവനമായി സ്വീകരിച്ചവരാണ് ഇവിടത്തെ ജനങ്ങളിലേറെയും. ഇവർ കുടിവെള്ളത്തിനും കൃഷിക്കും ഏതാണ്ട് പൂർണമായി ആശ്രയിക്കുന്നത് ഭൂഗർഭ ജലമാണ്. കൊക്കക്കോള പ്ലാന്റിലെ അമിത ജല ഉപഭോഗം മൂലം ഭൂഗർഭ ജലത്തിന്റെ അളവ് മാരകമായ രീതിയിൽ കുറയുകയും കടുത്ത വരൾച്ച നേരിടുകയുമാണിപ്പോൾ.

കമ്പനിയുടെ ജല ചൂഷണം തുടങ്ങിയതോടെ ഉപജീവനമാർഗമാണ് ഇല്ലാതായിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ പ്രകടിപ്പിച്ചത് നാട്ടിലെ ജനങ്ങളുടെ അഭിപ്രായമാണെന്നും കൊക്കോ കോള കമ്പനിക്ക് ഉടൻ പ്ലാന്റിന്റെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 18 കൗൺസിലുകളും കമ്പനിയുടെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനും കേന്ദ്ര ഭൂഗർഭജല അഥോറിറ്റിക്കും പരാതി നൽകിയിരിക്കുകയാണ്.

അതേസമയം 2011ൽ കമ്പനി അനവദനീയമായ അളവിൽ കൂടുതൽ ജലം ഉപയോഗിച്ചതായി കേന്ദ്ര ജലവിഭവ അഥോറിറ്റി കണ്ടെത്തിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ കമ്പനി നിഷേധിച്ചിരുന്നു. 2012ൽ കേന്ദ്ര ജലവിഭവ ബോർഡ് നടത്തിയ മറ്റൊരു പഠനത്തിൽ ജലക്ഷാമത്തിന് കാരണം കമ്പനി വെള്ളമെടുക്കുന്നതുകൊണ്ടല്ലെന്ന് കണ്ടെത്തിയതായി കമ്പനി അവകാശപ്പെടുന്നു. പ്രദേശത്തെ ഏഴ് ബ്ലോക്കുകളിൽ  സ്വാഭാവികമായ ജലക്ഷാമം നേരിടുന്നുവെന്നാണ് ബോർഡ് കണ്ടെത്തിയതെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

വാരണാസിയിലെ മെഹഡിഗഞ്ചിലാണ് കൊക്കക്കോള പ്ലാന്റ് പ്രവർത്തിക്കുന്നത്. 1999ൽ കമ്പനി ഇവിടെ പ്രവർത്തനം ആരംഭിച്ചു. കമ്പനി പ്രവർത്തനം തുടങ്ങിയത് മുതൽ ജലക്ഷാമം നേരിടുന്നതായി കൗൺസിലുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട 18 വില്ലേജ് കൗൺസിലുകൾ കമ്പനിക്കെതിരെ രംഗത്തുവന്നതോടെ ജലചൂഷണത്തിനെതിരെ പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.