ചെയ്യാത്ത തെറ്റിന് യോഗത്തിൽ നിന്ന് ഇറങ്ങി പോകാൻ യുവ ഐപിഎസുകാരിയോട് മന്ത്രി ആവശ്യപ്പെട്ടു; ഉദ്യോഗസ്ഥ ഇറങ്ങി പോകാന്‍ തയ്യാറായില്ല; ഒടുവില്‍ മന്ത്രിക്ക് തന്നെ ഇറങ്ങി പോകേണ്ടി വന്നു

single-img
28 November 2015

sangeethaചണ്ഡീഗഢ്: ഐഎഎസായാലും ശരി ഐപിഎസ്സായാലും ശരി പെണ്ണാണെങ്കിൽ വിലകൽപ്പിക്കാൻ ഏത് ആണും ഒന്ന് മടിക്കും. പ്രത്യേകിച്ച്  സ്ത്രീ സ്വാതന്തൃം അധികമില്ലാത്ത ഹരിയാന പോലുള്ള സ്ഥലത്താണെങ്കിൽ പിന്നെ പറയണ്ട. എന്നാൽ  മീറ്റിംഗിൽ നിന്നും തന്നോട് ഇറങ്ങി പോകാൻ പറഞ്ഞ മന്ത്രിയെ വേദിയിൽ നിന്ന് പറഞ്ഞ് വിട്ട് മാധ്യമങ്ങളിൽ താരമായിരിയ്ക്കുകയാണ് ഒരു യുവ ഐപിഎസുകാരി.

ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലാ ഭരണകൂടവും പബ്ളിക്ക് റിലേഷൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിപാടിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്ജും യുവ ഐപിഎസ് ഉദ്യോഗസ്ഥയായ സംഗീത കാലിയയും തമ്മിലാണ് വഴക്കുണ്ടായത്.

മീറ്റിംഗിനിടെ ഹരിയാന അതിർത്തിയിലെ മദ്യക്കടത്തിനെ കുറിച്ച് ഇരുവരും തമ്മിൽ വാഗ്ദ്വാദമുണ്ടായി. മദ്യക്കടത്ത് തടയാൻ പൊലീസ് എന്ത് ചെയ്തു എന്ന മന്ത്രിയുടെ ചോദ്യത്തിന് കഴിഞ്ഞ പത്ത് മാസത്തിനിടെ ഒട്ടേറെ കേസുകൾ എക്സൈസ് നിയമപ്രകാരം രജിസ്റ്റർ ചെയ്തുവെന്ന് സംഗീത മറുപടി നൽകി.

ഉദ്യോഗസ്ഥയുടെ മറുപടിയിൽ തൃപ്തി തോന്നാത്ത മന്ത്രി അവരോട് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ സംഗീത ഇറങ്ങിപ്പോകാൻ തയ്യാറായില്ല. തുടർന്ന് മന്ത്രി തന്നെ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ഉദ്യോഗസ്ഥയുടെ പെരുമാറ്റത്തെപ്പറ്റി മുഖ്യമന്ത്രിയോട് പരാതിപ്പെടുമെന്നും അനിൽ വിജ്ജ് അറിയിച്ചു.