സിപിഎമ്മിന്റെ കേരള യാത്ര പിണറായി വിജയന്‍ നയിക്കും

single-img
28 November 2015

PINARAYI VIJAYANകൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന കേരള യാത്ര  പിണറായി വിജയന്‍ നയിക്കും. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെയാണ് ജാഥ നടക്കുന്നത്. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര ജനുവരിയിലാണ് നടക്കുക.  കേരളയാത്രയുടെ നായകനായി പിണറായി വിജയന്‍ എത്തുന്നത് മുഖ്യമന്ത്രിസ്ഥാനത്ത് അദ്ദേഹത്തെ തന്നെയാണ് പരിഗണിക്കുന്നതെന്ന സന്ദേശമാണ് നല്‍കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നയിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് കേരള യാത്ര പിണറായി വിജയന്‍ നയിക്കുമെന്ന  തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തിരഞ്ഞെടുത്തത്.  സംസ്ഥാന സെക്രട്ടറിമാരാണ് സാധാരണ സിപിഎം സംസ്ഥാനജാഥകള്‍ നയിക്കാറുള്ളത്. ഈ കീഴ് വഴക്കം മാറ്റി പിണറായിയെ ക്യാപ്റ്റനാക്കാനുള്ള നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉന്നയിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടുകൂടിതന്നെയാണ് ഈ തീരുമാനം.

കാസര്‍കോടുനിന്നും തിരുവനന്തപുരത്തേക്കുള്ള ജാഥയില്‍ 140 മണ്ഡലങ്ങളിലും സ്വീകരണം നല്‍കും. ജാഥയുടെ പേരും നടത്തേണ്ട ദിവസങ്ങളും അടുത്തുതന്നെപ്രഖ്യാപിക്കും. സംസ്ഥാനസെക്രട്ടറി എന്ന നിലയില്‍ നവകേരള യാത്രയടക്കം സിപിഎമ്മിന്റെ മൂന്ന് സംസ്ഥാനയാത്രകള്‍ക്ക് നേതൃത്വം കൊടുത്ത പിണറായിവിജയനെ തന്നെ തിരഞ്ഞെടുപ്പ് വേളയില്‍ നടക്കുന്ന കേരളയാത്രയുടെയും ക്യാപ്റ്റനാക്കിയെന്നത് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. വീണ്ടും മത്സരരംഗത്തുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചതും ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് സിപിഐയില്‍ നിന്നുള്‍പ്പടെ ആവശ്യം ഉയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് സിപിഎം കേരള യാത്രയുടെ ക്യാപ്റ്റനായി പിണറായിയെ പ്രഖ്യാപിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സി ദിവാകരനും വി എസ് നയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.