ഗോശാലയിൽ പശുക്കൾ ചത്തു; ഉദ്യോഗസ്ഥർക്ക് നേരെ വിഎച്ച്പിയുടെ കരി ഓയിൽ പ്രയോഗം

single-img
28 November 2015

VHP-rally-AFPജയ്പൂർ: ഗോശാലയിലെ പശു ചത്തതിന് മുനിസിപ്പൽ ഉദ്യോഗസ്ഥർക്കു നേരെ സംഘപരിവാറുകളുടെ കരി ഓയിൽ പ്രയോഗം. വഴിയിൽ അലയുന്ന പശുക്കൾക്കായി അജ്മീർ കോർപറേഷൻ നടത്തുന്ന ഗോശാലയിൽ പ്ലാസ്റ്റിക് തിന്ന് ചത്ത പശുക്കളുടെ പേരിൽ മുനിസിപൽ ഉദ്യോഗസ്ഥരെ  വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ആക്രമിച്ചു. രണ്ടു പ്രായമായ പശുക്കളും മൂന്നു കിടാങ്ങളുമാണ് ചത്തത്.

പ്ലാസ്റ്റിക് തിന്നതിനെ തുടർന്നുണ്ടായ രോഗവും പോഷകാഹാരക്കുറവുമാണ് മരണ കാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ ഗോശാലയിൽ പശുക്കൾക്കു വേണ്ട തീറ്റയും പരിചരണവും നൽകുന്നില്ലെന്നും ഇവ ചത്തു കഴിഞ്ഞാൽ എല്ലും തോലും വിറ്റു പണമുണ്ടാക്കുന്നതാണ് അധികൃതരുടെ ലക്ഷ്യമെന്നും ആരോപിച്ചാണ് വിഎച്ച്പി പ്രവർത്തകർ സമരവുമായെത്തിയത്. സമരക്കാരോടു കാര്യങ്ങൾ വിശദീകരിക്കാൻ എത്തിയ ഉദ്യോഗസ്ഥക്ക് നേരയാണ് കരിഓയിൽ ഒഴിച്ചത്.

എന്നാൽ ആക്രമണം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്ന് മുനിസിപ്പൽ ജീവനക്കാർ പ്രതികരിച്ചു. ആക്രമണത്തിനെത്തിയവർക്ക് യഥാർഥത്തിൽ പശുക്കളോടു സ്നേഹമില്ലെന്നും ഉണ്ടെങ്കിൽ അവർ അജ്മീറിലെ തെരുവുകളിൽ നിന്നു പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസം ജയ്പൂർ ജവഹർ കലാ കേന്ദ്രത്തിൽ നടന്ന കലാ സമ്മേളനത്തിൽ പശുക്കൾ പ്ലാസ്റ്റിക് തിന്നു ചാകുന്നതിനെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള ഇൻസ്റ്റലേഷൻ വിവാദമായിരുന്നു. പ്ലാസ്റ്റിക്കിൽ നിർമിച്ച പശുവിനെ ഹൈഡ്രജൻ നിറച്ച ബലൂണിൽ കെട്ടിത്തൂക്കി 200 അടിയോളം ഉയർത്തി കെട്ടിയതായിരുന്നു ഇൻസ്റ്റലേഷൻ.

ഇതു പശുവിനെയും പശു സ്നേഹികളെയും അധിക്ഷേപിക്കുന്നതാണെന്നു പറഞ്ഞായിരുന്നു അന്നു പ്രതിഷേധം. ആദ്യ ദിവസം തന്നെ ഇൻസ്റ്റലേഷൻ നീക്കം ചെയ്യുകയും ഇതിനെ എതിർത്ത രണ്ട് കലാകാരന്മാരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.