കൂലിപ്പണിക്കാരിയായ ലീലാമ്മയ്ക്ക് തുണയായത് പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടര്‍മാര്‍; സ്വകാര്യ ആശുപത്രികളിൽ 2 ലക്ഷം രൂപയോളം ചെലവുവരുന്ന സന്ധിമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ പാലാ ജനറൽ ആശുപത്രിയിൽ നടത്തിയത് വെറും എഴുപതിനായിരം രൂപയ്ക്ക്

single-img
28 November 2015

leelammaപാലാ: കാൽ മുട്ടുവേദന മൂലം നാല്‌ വർഷമായി കഷ്ടപെട്ടിരുന്ന ലീലാമ്മയ്ക്ക്‌(61)  ഓടുവിൽ താങ്ങായത് പാലാ ജനറൽ ആശുപത്രി. സ്വകാര്യ ആശുപത്രികളിൽ രണ്ട്‌ ലക്ഷം രൂപയോളം ചെലവുവരുന്ന സന്ധിമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ എഴുപതിനായിരം രൂപയ്‌ക്കാണ്‌ പാലാ ജനറൽ ആശുപത്രിയിൽ നടത്തിയത്‌. ബലക്ഷയം സംഭവിച്ച ലീലാമ്മയുടെ കാല്‍മുട്ടിലെ സന്ധികൾ മാറ്റി ക്രോമിയം കോബാൾട്ടിൽ നിർമിച്ച ക്രൃത്രിമ സന്ധി ഘടിപ്പിക്കുകയായിരുന്നു. അസ്‌ഥിരോഗ വിഭാഗം മേധാവി ഡോ. സുധേഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ശസ്‌ത്രക്രിയ നടത്തിയത്‌.

ഓസ്‌റ്റിയോ ആർത്രൈറ്റീസ്‌ ബാധിച്ച്‌ വിട്ടുമാറാത്ത കാൽമുട്ട്‌ വേദന അലട്ടിവന്ന കുടക്കച്ചിറ ആക്കക്കുന്നേൽ ഗോപിയുടെ ഭാര്യ ലീലാമ്മയുടെ വലതു കാൽമുട്ടിലെ സന്ധികളാണ്‌ രണ്ടര മണിക്കൂർ നീണ്ട ശസ്‌ത്രക്രിയയിലൂടെ മാറ്റി വച്ചത്‌. നിർധന കുടുംബാംഗമായ ലീലാമ്മയും ഭർത്താവ്‌ ഗോപിയും കൂലിപ്പണി എടുത്താണ്‌ കുടുംബം പുലർത്തിവരുന്നത്‌. ലീലാമ്മ ഏഴ്‌ മാസം മുമ്പാണ്‌ ഇവിടെ ചികിത്സ തേടിയെത്തിയത്‌.

പാലാ ജനറൽ ആശുപത്രിയിൽ ആദ്യമായാണ്‌ ഇത്തരമൊരു ശസ്‌ത്രക്രിയ വിജയകരമായി നടത്തിയത്‌. ശസ്‌ത്രക്രിയ നടത്തി അഞ്ചാം ദിവസം മുതൽ ക്രച്ചസിന്റെ സഹായത്തോടെ എഴുന്നേറ്റ്‌ നടക്കാൻ തുടങ്ങിയ ലീലാമ്മയ്ക്ക് ശനിയാഴ്ച ആശുപത്രി വിടാമെന്ന് ഡോ. സുധേഷ്‌ അറിയിച്ചു. ലീലാമ്മയ്ക്ക് രണ്ട്‌ മാസത്തിനുള്ളിൽ സാധാരണപോലെ നടക്കാനും ജോലികൾ ചെയ്യാൻ കഴിയുമെന്നും ഡോക്ടർ പറഞ്ഞു.
അസ്‌ഥിരോഗ വിഭാഗത്തിലെ ഡോ. അനീഷ്‌ വർഗീസ്‌, ഡോ. സോഫിയാ ചന്ദ്രൻ, ഡോ.സിജോ സെബാസ്‌റ്റ്യൻ, അനസ്‌തേഷ്യാ വിദഗ്‌ധരായ ഡോ. സോമൻ, ഡോ. തംബുരു, ഡോ. അഞ്ജു എന്നിവരാണ്‌ ശസ്‌ത്രക്രിയാനേട്ടത്തിൽ പങ്കാളികളായത്‌.