കൈക്കൂലിക്കാരെ അകറ്റി നിർ‌ത്താനായി കാക്കനാട് പഞ്ചായത്തിന്റെ ‘അഴിമതി രഹിത വികസന കവാടം’

single-img
28 November 2015

scamlessകാക്കനാട്: കാക്കനാട് പഞ്ചായത്തിനെ മുഴുവനായി അഴിമതി രഹിതമാക്കി മാറ്റാനാണ് അധികൃതരുടെ പരിശ്രമം. കൈക്കൂലി കൊടുക്കുന്നവരും വാങ്ങുന്നവരും പഞ്ചായത്താഫീസിലേക്ക് പ്രവേശിക്കാതിരിക്കാനായി ജില്ലാ പഞ്ചായത്ത് കണ്ടെത്തിയ പുതിയ മാർഗം എന്താണെന്ന് കേട്ടാൽ കൗതുകം തോന്നാം. കൈക്കൂലിക്കാരെ  അകറ്റി നിർ‌ത്തുന്നതിനായി ‘അഴിമതി രഹിത വികസന കവാടം’ സ്ഥാപിച്ചിരിക്കുകയാണ് ഇവിടെ.

പ്രവേശന കവാടത്തിന് ഇങ്ങനെയൊരു പേരിട്ടാൽ കൈക്കൂലിക്കാർ ഈ പടി ചവിട്ടാൻ മടിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അഴിമതി രഹിത ഓഫിസെന്നും അഴിമതി രഹിത ഉദ്യോഗസ്ഥനെന്നുമൊക്കെ കേട്ടിട്ടുള്ളവർക്ക് അഴിമതി രഹിത കവാടം പുതുമ പകരുന്നു. കവാടത്തിന്റെ ഭൂരിഭാഗം പണിയും പൂർത്തിയായി. നിർമാണം പൂർത്തിയായാലുടൻ അഴിമതി രഹിത കവാടമെന്ന പേര് ഇതിൽ പതിക്കും.

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ കവാടത്തിന്റെ നിർമാണോദ്ഘാടനം കാര്യമായി നടത്താനായില്ല. എങ്കിലും അഴിമതി രഹിത വികസന കവാടമെന്ന ശിലാഫലകം തൊട്ടടുത്തു വച്ചിട്ടുണ്ട്. ഇത് അഴിമതിക്കെതിരെയുള്ള ചെറിയൊരു ചുവട് വെയ്പ്പെന്നാണു ജില്ലാ പഞ്ചായത്ത് അധികൃതർ പറയുന്നത്. കൈക്കൂലിയും അഴിമതിയും ‘തട്ടിപ്പും വെട്ടിപ്പും’ ഇല്ലാതാക്കാൻ ജില്ലാ പഞ്ചായത്ത് ആസ്ഥാനത്തിന്റെ പേരു തന്നെ ‘മഹാബലി ചക്രവർത്തിയുടെ രാജധാനി’ എന്നു നേരത്തെ മാറ്റിയിരുന്നു.

സ്ഥാനമൊഴിഞ്ഞ ഭരണ സമിതിയുടെ ഏറ്റവും ഒടുവിലത്തെ പദ്ധതികളാണ് അഴിമതി രഹിത കവാടവും അതിനോടു ചേർന്ന എസി ബസ് ഷെൽട്ടറും. അഴിമതി രഹിത കവാടത്തോടൊപ്പം കൊച്ചിയിലെ ആദ്യ എസി ബസ് ഷെൽട്ടറിന്റെ നിർമാണവും പുരോഗമിക്കുന്നുണ്ട്.  ടിവി, റേഡിയോ,  കുടിവെള്ളം, പത്രങ്ങൾ, ക്യാമറ, എടിഎം, വൈഫൈ സൗകര്യങ്ങൾ ഷെൽട്ടറിലുണ്ടാകും.