ഒന്നാം മാറാട് കലാപക്കേസ്; 12 പേരെ ഹൈകോടതി വെറുതെവിട്ടു

single-img
28 November 2015

kerala-high-courtകൊച്ചി: ഒന്നാം മാറാട് കലാപത്തില്‍ അബൂബക്കറിനെ കൊലപ്പെടുത്തിയ കേസില്‍  12 പേരെ ഹൈകോടതി വെറുതെവിട്ടു. രണ്ട് പേരുടെ ജീവപര്യന്തം തടവുശിക്ഷ  ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. നാലാം പ്രതി ഷാജി, 12-ാം പ്രതി ശശി എന്നിവരുടെ ശിക്ഷയാണ് ശരിവെച്ചത്. കുറ്റകൃത്യത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാണ് ഇത്.  പ്രതികള്‍ക്കു കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കണ്ടെത്തിയാണ്‌  ബെഞ്ചിന്റെ വിധി. കീഴ്‌ക്കോടതിയുടെ ശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീലില്‍ മറ്റ് 12 പ്രതികളെ തെളിവിന്റെ അഭാവത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.

തെക്കെത്തൊടി ശ്രീധരന്‍, അരയസമാജം നേതാവ്‌ സുരേശന്‍, സി. രഞ്‌ജിത്‌, വിങ്കിട്ട സജീവന്‍, കെ. വിപേഷ്‌, ടി. വിജേഷ്‌, എ.പി. പ്രഹ്‌ളാദന്‍, കെ. രാജേഷ്‌, എ. മണികണ്‌ഠന്‍, കലേശ്‌, വിനോദ്‌, വിജിത്ത്‌ എന്നിവരെയാണു കോടതി വിട്ടയച്ചത്‌. ഇവരില്‍ ഏഴുപേര്‍ക്ക്‌ വിചാരണക്കോടതി ജീവപര്യന്തം കഠിനതടവാണ്‌ വിധിച്ചിരുന്നത്‌. ദൃക്‌സാക്ഷികളുടെ മൊഴി സംശയകരമാണെന്നും സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞതില്‍ അപാകതയുണ്ടെന്നും കോടതി വിലയിരുത്തി. സംശയത്തിന്റെ ആനുകൂല്യം പ്രതികള്‍ക്കു നല്‍കുകയാണെന്നും ഡിവിഷന്‍ ബെഞ്ച്‌ വിധിന്യായത്തില്‍ പറഞ്ഞു.

2002 ജനവരി 4-നാണ് അബൂബക്കര്‍ കൊല്ലപ്പെടുന്നത്. ഒന്നാം മാറാട് കലാപത്തിലെ രണ്ടാമത്തെ കേസാണിത്. ആകെയുള്ള 15 പ്രതികളില്‍ ഒരാളെ കീഴ്‌ക്കോടതി വിട്ടയച്ചിരുന്നു. പ്രതികളുടെ ശിക്ഷ കൂട്ടണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലും കോടതി തള്ളി. കൊല്ലപ്പെട്ട അബൂബക്കറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെ നിര്‍ദിഷ്ട പദ്ധതിപ്രകാരം നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു.