ഹൃദ്രോഗവും മുൻകരുതലുകളും

single-img
27 November 2015

Healthy-Heart

ഹൃദയത്തെ കരുതലോടെ കാത്താൽ ഹൃദ്രോഗവും ഹൃദയാഘാതവും ഒഴിവാക്കാം. ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും കോശങ്ങൾക്കും ആവശ്യമായ രക്തം പമ്പ് ചെയ്ത് എത്തിക്കുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയം തകരാറിലായാൽ അത് ശരീരത്തിന്റെ പൊതുവായ എല്ലാ പ്രവർത്തനത്തേയും ബാധിക്കുന്നതിനോടൊപ്പം ജീവൻ നഷ്ടപ്പെടാനും കാരണമായേക്കാം.

[quote]മുൻകൂട്ടി മനസ്സിലാക്കാം[/quote]

കാരണങ്ങൾ സ്വയം മനസ്സിലാക്കിയാൽ ഒരു പരിധിവരെ ഹൃദ്രോഗം പ്രതിരോധിക്കാനാകും. ഹൃദയപേശികൾക്ക് രക്തം എത്തിക്കുന്ന ചെറിയ രക്തധമനികളിൽ കൊഴുപ്പടിഞ്ഞ് അതിന്റെ വ്യാസം കുറയുകയും ഹൃദയത്തിന് ആവശ്യമായ രക്തം കിട്ടാതെ വരികയും ചെയ്യുമ്പോൾ ഹൃദയപേശികൾക്ക് തകരാർ സംഭവിക്കുന്നു. വർഷങ്ങൾ കഴിയുന്നതോടെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തസഞ്ചാരം പൂർണ്ണമായി നിലച്ച് കോശങ്ങൾ നശിക്കുന്ന മാരകാവസ്ഥയാണ് ഹൃദയാഘാതം. പ്രായം കൂടുന്തോറും ഇതുണ്ടാകാനുള്ള സാധ്യതയും കൂടുന്നു.

 • പുകവലി, വ്യായാമം ഇല്ലായ്മ, മാറിയ ജീവിതശൈലി, മാറിയ ഭക്ഷണക്രമം, മാനസിക പിരിമുറുക്കം തുടങ്ങിയവ ഹൃദ്രോഗസാധ്യത കൂട്ടുന്നു.
 •  അസാധാരണമായി അനുഭവപ്പെടുന്ന ക്ഷീണം ഹൃദ്രോഗത്തിന്റെയും ഹൃദയാഘാതത്തിന്റെയും ലക്ഷണമാകാം.
 •  അപായ ഘടകങ്ങൾ വെച്ചുള്ള പലതരം നിർണ്ണയങ്ങളാണ് ഹൃദ്രോഗസാധ്യത അനുമാനിക്കാനും പ്രതിരോധ ചികിത്സ ആസൂത്രണം ചെയ്യുവാനും ഡോക്ടർമാരെ സഹായിക്കുന്നത്.
 • യഥാസമയങ്ങളിൽ ടെസ്റ്റുകൾ ചെയ്ത് രക്തത്തിലെ കൊളസ്ട്രോൾ ഘടകങ്ങൾ പരിശോധിച്ച് ചികിത്സ തേടാവുന്നതാണ്. ഈ.സി.ജി. എക്കൊ, ടി.എം.ടി. എന്നിവയും ഹൃദ്രോഗ നിർണ്ണയത്തിന് സഹായപ്രദമാണ്.

[quote]ഹൃദയാഘാതം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ[/quote]

ഹൃദയാഘാതം മൂലം സംഭവിക്കുന്ന 50% മരണവും ഹൃദയാഘാതത്തെ തുടർന്നുള്ള ആദ്യ ഒരു മണിക്കൂറിലാണ് സംഭവിക്കുന്നത്. ഹൃദയാഘാതം ഉണ്ടായി ഓരോ മിനിറ്റിലും ഹൃദയപേശിയിലെ കോശങ്ങൾ നശിച്ച് തുടങ്ങുന്നതിനാൽ പേശികളുടെ നാശം എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം കുറച്ച് രോഗിയെ രക്ഷിക്കുക എന്നതാണ് ആധുനിക ചികിത്സയുടെ പ്രധാനലക്ഷ്യം.

 • ഹൃദയാഘാതം വന്ന രോഗിയെ എത്രയും പെട്ടെന്ന് അടുത്തുള്ള ഹൃദ്രോഗ ചികിത്സാകേന്ദ്രത്തിൽ എത്തിച്ച് അടിയന്തര ചികിത്സയും, വേണ്ടിവന്നാൽ ആൻജിയോപ്ലാസ്റ്റിയും ചെയ്യേണ്ടതാണ്.
 •  ഹൃദയാഘാതം ഉണ്ടായികഴിഞ്ഞാൽ ആശുപത്രിയിൽ എത്തിക്കുന്നതുവരെ ഹൃദയപ്രവർത്തനം നിലനിർത്താൻ പാലിക്കേണ്ട ചില കാര്യങ്ങൾ:-
 •  ആരും സഹായത്തിനില്ലാത്തപ്പോൾ ഹൃദയാഘാതം ഉണ്ടായാൽ പരമാവധി വായു ഉള്ളിലേക്കെടുത്ത് ചുമയ്ക്കുക.
 •  ഹൃദയാഘാതം വന്ന രോഗിയുടെ മുഖത്ത് തണുത്ത വെള്ളം തളിക്കരുത്. ഇത് രോഗാവസ്ഥ തീവ്രമാക്കും.
 •  ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി സൗകര്യമുള്ള ഹൃദ്രോഗചികിത്സാ കേന്ദ്രത്തിൽ രോഗിയെ എത്തിക്കുക.
 •  രോഗിയുടെ ഇറുകിയ വസ്ത്രങ്ങൾ ഊരുകയോ അയച്ചിടുകയോ ചെയ്യുക.
 •  രോഗിയ്ക്ക് ബോധമുണ്ടെങ്കിൽ തലയും തോളും തലയിണകൊണ്ട് താങ്ങി ചാരിയിരുത്തുക.
 •  രോഗിയുടെ നാഡിമിടിപ്പും ബി.പിയും പരിശോധിച്ച ശേഷം ഇവ കുറവാണെങ്കിൽ രോഗിയെ നിരപ്പായ പ്രതലത്തിൽ മലർത്തിക്കിടത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം ഉറപ്പാക്കേണ്ടതാണ്.
 • ഹൃദയാഘാതം ഉണ്ടായി ആദ്യ നാല് മണിക്കൂറിൽ കുടിക്കുവാനോ കഴിക്കുവാനോ ഒന്നും നൽകാതിരിക്കുക.
 •  രോഗിയുടെ ബോധം നഷ്ടപ്പെട്ട് പൾസ് നിലച്ചാൽ സി.പി.ആർ പരിശീലനം ലഭിച്ചവരുണ്ടെങ്കിൽ അത് നൽകികൊണ്ട് ആശുപത്രിയിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കുക.
 •  രോഗിക്ക് പൂർണ്ണ വിശ്രമം നൽകി വീൽച്ചെയറിലോ കസേരയിലോ സ്ട്രെക്ച്ചറിലോ മാത്രം രോഗിയെ മാറ്റുക.

[quote arrow=”yes”]കിംസ് ആശുപത്രി കൺസൽട്ടന്റ് ആണു ലേഖകൻ[/quote]