കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു; ആത്മഹത്യയ്‌ക്ക് ശ്രമിച്ച കര്‍ഷകനെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഇടപെട്ട്‌ പിന്തിരിപ്പിച്ചു

single-img
27 November 2015

Thiruvanchoor radhakrishnan-6വണ്ടിപ്പെരിയാര്‍: കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചതിനെ തുടര്‍ന്ന്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ച ആളെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഇടപെട്ട്‌ പിന്തിരിപ്പിച്ചു. ഇടുക്കി അറുപത്തിമൂന്നാം മൈല്‍ കൊച്ചുപുരയ്‌ക്കല്‍ വീട്ടില്‍ മാര്‍ട്ടിന്‍ ജോണാണ്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്‌. എന്നാല്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നഷ്‌ടപരിഹാരം വാഗ്‌ദാനം ചെയ്‌ത്   ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇയാളുടെ പാറക്കുളം പുതുവേല്‍ ഭാഗത്തെ  ഏലത്തോട്ടത്തില്‍ ആനയിറങ്ങിയതിനെ തുടര്‍ന്ന്‌ വന്‍ കൃഷിനാശം നേരിട്ടിരുന്നു. രണ്ടേക്കറോളം വരുന്ന സ്‌ഥലത്തെ കൃഷി നശിച്ചത്‌ കണ്ട്‌ കടുത്ത നിരാശയില്‍ വീട്ടില്‍ മടങ്ങിയെത്തിയ ജോണ്‍ വിഷക്കുപ്പിയും കത്തിയുമായി സ്വന്തം മുറിയില്‍ കടന്ന്‌ വാതില്‍ അടച്ചു. ഇതുകണ്ട്‌ ഭാര്യ നിലവിളിക്കുകയും നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്‌തു.

ഇതില്‍ ചിലര്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ വിവരം അറിയിക്കുകയും മന്ത്രിയുടെ നിര്‍ദേശപ്രകാരം വനം വകുപ്പിന്റെ അസിസ്‌റ്റന്റ്‌ ഫീല്‍ഡ്‌ ഡയറക്‌ടര്‍ സ്‌ഥലത്തെത്തി മതിയായ നഷ്‌ടപരിഹാരം മന്ത്രി ഉറപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചതിനെ തുടര്‍ന്ന് ജോണ്‍ നീക്കം ഉപേക്ഷിക്കുകയുമായിരുന്നു.

പാറക്കുളം പുതുവേല്‍ ഭാഗത്ത്‌ സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി വൈദ്യൂതവേലി നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും മാസങ്ങളായി പണി നിന്ന അവസ്‌ഥയിലാണ്‌. ഇതിന്‌ പുറമേ ട്രഞ്ച്‌ നിര്‍മ്മിച്ച്‌ നല്‍കാമെന്ന വാഗ്‌ദാനവും പാലിക്കപ്പെട്ടില്ല. ഈ ഭാഗങ്ങള്‍ വഴി ആനക്കൂട്ടം സ്‌ഥലത്തെത്തുന്നതിനാല്‍ വ്യാപക കൃഷിനാശമാണ്‌ കര്‍ഷകര്‍ക്ക്‌ നേരിടേണ്ടി വരുന്നത്‌.