ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്ത്‌നിന്നും ആര്‍എസ്എസ് നിര്‍ദേശപ്രകാരം നിയോഗിച്ച വൈ എസ് റാവു രാജിവെച്ചു

single-img
27 November 2015

YS-Raoന്യൂഡല്‍ഹി: ഐസിഎച്ച്ആര്‍ (ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍)  ചെയര്‍മാന്‍ സ്ഥാനത്ത്‌നിന്നും ആര്‍എസ്എസ് നിര്‍ദേശപ്രകാരം നിയോഗിച്ച വൈ എസ് റാവു രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് മാനവശേഷി മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ പറയുന്നത്. എന്നാല്‍ ആഗ്രഹിച്ച പ്രതിഫലം കിട്ടാത്തതിലെ നിരാശയാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. ചരിത്രഗവേഷണ കൗണ്‍സില്‍ അധ്യക്ഷസ്ഥാനത്തേക്ക് വൈഎസ് റാവുവിനെ നിയോഗിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു.

റാവു ഐസിഎച്ച്ആറിലെ പ്രതിഫലം ഒന്നരലക്ഷം രൂപയാക്കണമെന്ന് നേരത്തെ മാനവശേഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മന്ത്രാലയം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതില്‍ നിരാശനായാണ് ചുമതല പൂര്‍ത്തിയാക്കാതെ പടിയിറങ്ങുന്നത്.   സംഘപരിവാര്‍ സംഘടനയായ അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ മുഖ്യചുമതലക്കാരനായ റാവുവിനെ  മോഡി അധികാരത്തില്‍വന്ന ശേഷം ചരിത്രഗവേഷണ കൗണ്‍സിലിന്റെ തലപ്പത്ത് നിയോഗിച്ചത്. റാവുവിന്റെ യോഗ്യത തന്നെ ചോദ്യം ചെയ്ത് നേരത്തെ റോമിലാ ഥാപ്പറടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഇന്ത്യയിലെ പഴയ ജാതിവ്യവസ്ഥയായിരുന്നു മികച്ചതെന്ന് ചരിത്രഗവേഷണ കൗണ്‍സില്‍ ചെയര്‍മാനായി നിയമിതനായ ശേഷം റാവു ബ്ലോഗെഴുതിയിരുന്നു. ഇതിനെതിരെയും ചരിത്രകാരന്മാര്‍ രംഗത്തെത്തിയിരുന്നെങ്കിലും ആര്‍എസ്എസും കേന്ദ്രസര്‍ക്കാരും റാവുവിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.