പിഴ അടക്കാന്‍ സാധിക്കാതെ ജയിലില്‍ കഴിഞ്ഞിരുന്ന 15 ഹിന്ദു തടവുകാരെ മോചിപ്പിക്കാന്‍ എത്തിയത് ഒരുകൂട്ടം മുസ്‌ലിം യുവാക്കള്‍

single-img
27 November 2015

jail cellബറേലി: പിഴ അടക്കാന്‍ സാധിക്കാത്തതിനാല്‍ ബറേലി ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്ന 15 ഹിന്ദു തടവുകാരെ മോചിപ്പിക്കാന്‍ എത്തിയത് ഒരുകൂട്ടം മുസ്‌ലിം യുവാക്കള്‍.  ബറേലി സ്വദേശിയായ ഹാജി യാസിന്‍ ഖുറേഷിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേര്‍ന്ന്‍ 50,000 രൂപ പിഴയടച്ച്  തടവുകാരെ മോചിപ്പിച്ചത്.   ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുകപോലുള്ള പെറ്റികേസുകളിലാണ് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ആറുമാസവും ഒരുവര്‍ഷവും ശിക്ഷാകാലാവധിയുള്ള ഇവരില്‍ പലരുടെയും തടവുശിക്ഷ പൂര്‍ത്തിയായെങ്കിലും പിഴ അടക്കാന്‍ പണമില്ലാത്തതിലാണ് മോചനം വൈകിയത്.

തടവുകാരെക്കുറിച്ചറിഞ്ഞപ്പോള്‍ ഇവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന് അവരുടെ മതവും ജാതിയുമൊന്നും തങ്ങള്‍ക്ക് തടസമല്ലായിരുന്നെന്ന് ഖുറേഷി പറഞ്ഞു. ഇത് തങ്ങളുടെ രാജ്യമാണ്. ഹിന്ദുക്കള്‍ തങ്ങളുടെ സഹോദരന്‍മാരാണ്. തങ്ങളൊരുമിച്ചാണ് ഇവിടെ ജീവിക്കുന്നതെന്നും ഖുറേഷിയുടെ സുഹൃത്ത് പറഞ്ഞു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ തടവുകാരെ സ്വീകരിക്കാനായി ഖുറേഷിയും കൂട്ടുകാരും ജയിലിന് പുറത്ത് കാത്തുനിന്നു. ഇവര്‍ക്ക് സ്വന്തം വീടുകളിലെത്താനുള്ള സൗകര്യവും സംഘം ചെയ്തുകൊടുത്തിരുന്നു. രാജ്യം മുഴുവന്‍ അസഹിഷ്ണുതയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴാണ് മുസ്ലീം യുവാക്കളുടെ സന്നദ്ധപ്രവര്‍ത്തനം.