ഒരു കുടുംബത്തിലെ അഞ്ചു വയറുകള്‍ കായുന്നത് സ്കൂളില്‍ നിന്നും ബാക്കി വരുന്ന ഉച്ചക്കഞ്ഞിയുടെ കാരുണ്യത്തില്‍

single-img
27 November 2015

foodപുൽപള്ളി: തൊട്ടടുത്ത സര്‍ക്കാര്‍ സ്കൂളില്‍ നിന്നും ബാക്കി വരുന്ന ഉച്ചക്കഞ്ഞിയുടെ കാരുണ്യത്തില്‍ ജീവിതം തള്ളി നീക്കുന്ന ഒരു കുടുംബം. ദിവസം അറിഞ്ഞു കൊണ്ടും അല്ലാതെയും പാഴാക്കുന്ന ഭക്ഷണങ്ങളെ ഇങ്ങനെയും ഉപയോഗിക്കാം. കാട്ടുനായ്ക്ക കോളനിയിലെ ബിന്ദുവും എട്ടുപൊട്ടും തിരിയാത്ത മക്കളുമാണ് സ്കൂളില്‍ നിന്നും ബാക്കി വരുന്ന ഭക്ഷണം കൊണ്ട്   ജീവിക്കുന്നത്.

കൊളവള്ളി ഗവ. എൽപി സ്കൂളിൽ ബാക്കി വരുന്ന ഉച്ചക്കഞ്ഞി കുടിച്ചാണ് ഈ 23കാരിയും മക്കളായ അബിൻ (ഒൻപത്), അഭിലാഷ് (എട്ട്), അജയകുമാർ (നാല്), അജയ് (ഒരു വയസ്)  ജീവിക്കുന്നത്.  സ്കൂൾ വിട്ട് നാലു മണിയോടെ കുട്ടികൾ ബക്കറ്റിൽ ചോറുമായി വീട്ടിലെത്തും.

വൈകിട്ടും രാത്രിയും ഇതാണ് ഇവരുടെ ഭക്ഷണം. അബിനും അഭിലാഷും നാലാം ക്ലാസിലും അജയകുമാർ നഴ്സറിയിലും പഠിക്കുന്നു.   മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ബിന്ദുവിന്റെ ജീവിതം ദുരിതക്കയത്തിലായത്. ബിന്ദുവിന്റെ ഭർത്താവ്‍ അനിൽകുമാർ  മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. കൂലിപ്പണി ചെയ്ത് കാര്യമായ അല്ലലില്ലാതെയാണ് അനിൽ കുടുംബം പോറ്റിയിരുന്നത്.

ഈ കുടുംബത്തിന്റെ  അവസ്ഥയറിഞ്ഞ സന്മനസുള്ള അധ്യാപകരാണ് ഉച്ചയ്ക്ക് ബാക്കി വരുന്ന ചോറും കറികളും ബക്കറ്റിലാക്കി കുട്ടികളുടെ പക്കൽ കൊടുത്തുവിടുന്നത്. ഇന്ന് ഈ അഞ്ചംഗ കുടുംബത്തിന്റെ പ്രതീക്ഷയും നിലനിൽപും ബക്കറ്റിലെത്തുന്ന  ചോറിലാണ് ആശ്രയിച്ചിരിക്കുന്നത്. കാട്ടുനായ്ക്ക സമുദായത്തിൽപ്പെടുന്ന ഇവർക്ക് കഴിഞ്ഞ വർഷം അഞ്ചു സെന്റ് സ്ഥലവും ഒരുവീടും ലഭിച്ചിരുന്നു. കുടിവെള്ളമോ, വെളിച്ചമോ, വഴിയോ ഇല്ല. കീറത്തുണി തറയിൽ വിരിച്ച് അതിലാണ് അമ്മയും നാല് മക്കളും ഉറങ്ങുന്നത്.