ദീര്‍ഘകാലം വീട് പൂട്ടിപ്പോകുന്നവരേയും ഗേറ്റ് പൂട്ടി സ്ഥലം വിടുന്നവരേയും ലക്ഷ്യം വെച്ച് ഓണ്‍ലൈന്‍ മീറ്റര്‍റീഡിങ് പദ്ധതിയുമായി കെ.എസ്.ഇ.ബി

single-img
27 November 2015

KSEBപാലക്കാട്:  സ്മാര്‍ട്ട് മീറ്റര്‍റീഡിങ് പദ്ധതിയുമായി കെ.എസ്.ഇ.ബി.  ഒരുവര്‍ഷത്തിനകം പദ്ധതി നടപ്പാക്കാനാണ് കെ.എസ്.ഇ.ബി ഒരുങ്ങുന്നത്.ദീര്‍ഘകാലം വീട് പൂട്ടി പ്പോകുന്നവര്‍ക്കും ഗേറ്റ് പൂട്ടി സ്ഥലം വിടുന്നവര്‍ക്കും പരിഹാരമാണിത്. കെ.എസ്.ഇ.ബിയുടെ മീറ്റര്‍റീഡിങ് സംബന്ധിച്ച് ഉത്തരവ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് വിവാദമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഉത്തരവ് മരവിപ്പിക്കയും ചെയ്തു. ഇതിനും പുതിയപദ്ധതി പരിഹാരമാകും. ഇതിനായി ആധുനിക സംവിധാനങ്ങളോടെയുള്ള മീറ്ററുകള്‍ ഉപഭോക്താവ് സ്ഥാപിക്കേണ്ടിവരും.

മീറ്ററുകള്‍ ഘടിപ്പിച്ച വീടുകളിലെ വൈദ്യുതി ഉപയോഗം അതത് സെക്ഷന്‍ ഓഫീസുകളില്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാക്കുന്നതാണ് പദ്ധതി. ബില്ല് വെബ് പോര്‍ട്ടലില്‍ ഉപഭോക്താവിന്റെ രജിസ്‌ട്രേഡ് ഐ.ഡി.യിലെത്തുകയും ചെയ്യും. ബില്ല് കടലാസായോ എം.എം.എസ്. ആയോ ഓണ്‍ലൈന്‍ ആയോ ലഭ്യമാക്കും. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള ഫീസ് ഉപഭോക്താവ് അടയ്ക്കണം.

സംസ്ഥാനത്ത് എട്ടുലക്ഷത്തിലധികം വീടുകള്‍ ദീര്‍ഘനാളായി പൂട്ടിക്കിടക്കുന്നതായാണ് കെ.എസ്.ഇ.ബിയുടെ കണക്കുകള്‍. ഓരോ ഇലക്ട്രിക്കല്‍ സെക്ഷനിലും എത്രമീറ്റര്‍ റീഡിങ് അസാധ്യമാകുന്നു എന്നതിനെപ്പറ്റി വൈകാതെ കണക്കെടുക്കും. സ്മാര്‍ട്ട് മീറ്റര്‍റീഡിങ് പദ്ധതി നടപ്പാക്കുന്നുതിനുള്ള രൂപരേഖയും ഉപഭോക്താവ് അടക്കേണ്ട തുകസംബന്ധിച്ച കാര്യങ്ങളും കെ.എസ്.ഇ.ബി തയ്യാറാക്കുകയാണ്.

റീഡിങ്ങിന് സൗകര്യമില്ലെങ്കില്‍ അക്കാര്യം സെക്ഷനില്‍ അറിയിക്കണമെന്നുമാത്രം. ഇപ്പോള്‍ കെ.എസ്.ഇ.ബിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ ഈ സേവനം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അധികൃതര്‍ അറിയിച്ചു. wss.kseb.in എന്ന വെബ് സൈറ്റിലൂടെ വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍വഴിയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പ്പതിലേറെ ബാങ്കുകളുടെ നെറ്റ് ബാങ്കിങ് സൗകര്യമുപയോഗിച്ചും വൈദ്യുതിബില്‍ അടയ്ക്കാവുന്നതാണ്. സ്മാര്‍ട്ട് മീറ്റര്‍റീഡിങ് പദ്ധതിയിലും ഈ സേവനം ഉറപ്പാക്കും.