മുഷ്യത്വരഹിതവും ഇസ്ലാമിക വിരുദ്ധവുമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയായ ഐഎസിനെതിരെ പൊരുതാന്‍ തയ്യാറാണെന്ന് മുംബൈയിലെ മുസ്ലീം സംഘടനകള്‍

single-img
26 November 2015

AP_isis_kab_150211_1_12x5_1600

മനുഷ്യത്വരഹിതവും ഇസ്ലാമിക വിരുദ്ധവുമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയായ ഐഎസിനെതിരെ പൊരുതാന്‍ തയ്യാറാണെന്ന് മുംബൈയിലെ മുസ്ലീം സംഘടനകള്‍. യുവാക്കളില്‍ കനത്ത സ്വാധീനം ചെലുത്തി രാജ്യങ്ങള്‍ക്ക് ഭീഷണിയായി ദ്രുതഗതിയില്‍ പടരുന്ന ഇസഌമിക് സ്‌റ്റേറ്റിനെതിരേ മുംബൈയിലെ ഉന്നത മൗലാനകളും മുഫ്ത്തികളും വിവിധ ഇസഌമിക സംഘടനകളുമാണ് രംഗത്ത് വന്നിട്ടുള്ളത്. ഭീകരവാദി സംഘടനയ്‌ക്കെതിരേ പൊരുതാന്‍ മുംബൈയിലെ മഹീം ദര്‍ഗയില്‍ ഇവര്‍ പദ്ധതി തയ്യാറാക്കി തുടങ്ങിയതായി മുംബൈ ആസ്ഥാനമായുള്ള മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുംബൈ ആസ്ഥാനമായുള്ള എല്ലാ പള്ളികളിലും ഇക്കാര്യം വെള്ളിയാഴ്ച ചര്‍ച്ച ചെയ്യുമെന്നും മാധ്യമങ്ങള്‍ പറയുന്നു. സിറിയയിലും ഇറാഖിലും ഭീഷണിയായ ഐ.എസിനെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയിലൂടെ ഇസഌമിക പുരോഹിതര്‍ വിമര്‍ശിച്ചിരുന്നു. ഐസിസ് ഞങ്ങളുടെ ശത്രു എന്ന ടാഗ്‌ലൈനിലായിരുന്നു ഇവര്‍ ഇക്കാര്യം പറഞ്ഞിരുന്നത്.

ഇസഌമിന്റെ പേര് മാത്രം ഉപയോഗിക്കുന്ന തീവ്രവാദി സംഘടന ഇസഌമികമായ ഒരു കാര്യവും നിര്‍വ്വഹിക്കുന്നില്ലെന്ന് മുംബൈയിലെ ഇമാമുകളുടെ സംഘടനയായ തന്‍സീമാ മസ്ജിദും പറഞ്ഞിരുന്നു. തന്‍സീമ മസ്ജിദില്‍ മാത്രം 10,000 അംഗങ്ങളുണ്ട്. ഇസഌമിക് സ്‌റ്റേറ്റിന്റെ പ്രവര്‍ത്തി മൂലം ലോകത്തുടനീളം മുസഌം സമൂഹം ബുദ്ധിമുട്ടുകയാണെന്നാണ് മഹീം ദര്‍ഗയിലെ വിശ്വാസി സമൂഹം പറയുന്നത്.