യുവതിയുടെ കഴുത്തില്‍ നിന്നും രാവിലെ പൊട്ടിച്ചെടുത്ത താലിമാല മോഷ്ടാവ് വൈകുന്നേരം തിരികെ നല്‍കി • ഇ വാർത്ത | evartha
Kerala

യുവതിയുടെ കഴുത്തില്‍ നിന്നും രാവിലെ പൊട്ടിച്ചെടുത്ത താലിമാല മോഷ്ടാവ് വൈകുന്നേരം തിരികെ നല്‍കി

gold_chain_necklace

റോഡില്‍വെച്ച് യുവതിയുടെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്ത താലിമാല വൈകുന്നേരം മോഷ്ടാവ് തിരികെ നല്‍കി. കഴിഞ്ഞദിവസമാണ് പരവൂര്‍ പുക്കുളം തിരുവോണത്തില്‍ ശ്രീദേവിയുടെ (30) കഴുത്തില്‍കിടന്ന ഒന്നരപവന്റെ താലിമാല ബൈക്കിലെത്തിയ മോഷ്ടാവ് പൊട്ടിച്ചെടുത്ത് മറഞ്ഞത്. മോഷ്ടാവ് ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാനായില്ല.

മോഷണം പോയ ഉടനെ തന്നെ വീട്ടമ്മ പരവൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് മോഷ്ടാവ് വൈകുന്നേരം മാലമടക്കിനല്‍കിയത്.

വീട്ടമ്മയും മകനുമായി യാത്രചെയ്യുന്നതിനിടയില്‍ ബൈക്കിലെത്തിയ മോഷ്ടാവ് ഇവരുടെ മുന്നിലേക്ക് മാലയിട്ടുകൊടുത്ത് മറയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടമ്മയെ അറിയാവുന്നയാളാണ് മോഷ്ടാവെന്നാണ് പോലീസിന്റെ ഊഹം.