26 വര്‍ഷം മുമ്പ് 11 രൂപ കബളിപ്പിച്ച സംഭവത്തില്‍ നഴ്‌സിന്‌ ഒരു വര്‍ഷത്തെ തടവും 100 രൂപ പിഴയും

single-img
26 November 2015

NURSEമീററ്റ്‌:  26 വര്‍ഷം മുമ്പ്  11 രൂപ കബളിപ്പിച്ച സംഭവത്തില്‍ നഴ്‌സിന്‌ ഒരു വര്‍ഷം തടവും 100 രൂപ പിഴയും.  വന്ധ്യംകരണ ക്യാമ്പില്‍ റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട്‌ തട്ടിപ്പ്‌ നടത്തിയ ഉത്തര്‍ പ്രദേശിലെ ഏറ്റയിലുള്ള നഴ്‌സിനാണ്‌ ശിക്ഷ ലഭിച്ചത്‌. ആശുപത്രിയിലെ തന്നെ മറ്റൊരു ജീവനക്കാരനും ഇതേ ശിക്ഷ ലഭിച്ചിട്ടുണ്ട്‌.

വിചാരണ കാലത്തിനിടെ മറ്റ്‌ മൂന്ന്‌ പ്രതികള്‍ മരിച്ചിരുന്നു. 1989ലാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം നടക്കുന്നത്‌. ഏറ്റയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വന്ധ്യംകരണ ക്യാമ്പില്‍ 12 പേരുടെ രജിസ്‌ട്രേഷനാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ 12പേരില്‍ 11പേരുടെയും റിസ്‌ട്രേഷന്‍ വ്യാജമാണെന്ന്‌ ഏഴ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ കാസിഗഞ്ചിലെ എം.എല്‍.എയുടെ ആരോപണങ്ങളുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ്‌ സംഭവത്തിന്റെ ചുരുളഴിയുന്നത്‌.

തുടര്‍ന്ന്‌ ഏറ്റ സി.എം.ഒ ബിഹാരി അഗര്‍വാള്‍, ലേക്‌പാല്‍ മോഹന്‍ലാല്‍, അക്കൗണ്ടന്റ്‌ ഹരീഷ്‌ ചന്ദ്‌, നഴ്‌സ് നൂര്‍ജഹാന്‍, തൂപ്പുകാരന്‍ ശോഭാറാം എന്നിവര്‍ക്കെതിരെ 1996 ഫെബ്രുവരിയില്‍ കേസ്‌ റജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന വന്ധ്യഗകരണ ശസ്‌ത്രക്രിയയില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും സര്‍ക്കാര്‍ 181 രൂപ നല്‍കുന്നുണ്ട്‌. ഇതിന്‌ പ്രേരിപ്പിക്കുന്നവര്‍ക്ക്‌ 40 രൂപയും സര്‍ജന്‌ നാല്‌ രൂപയും തൂപ്പ്‌ കാരന്‌ രണ്ട്‌ രൂപയുമാണ്‌ നല്‍കുന്നത്‌.