ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ വരെ ഇപ്പോള്‍ ലംഘിക്കപ്പെടുകയാണ്; ആഹ്ലാദത്തിന്റെ ദിനമാണ് ഇത്;ഇപ്പോള്‍ ഇത് ദുഃഖത്തിന്റെത് കൂടിയായിരിക്കുന്നു-സോണിയാഗാന്ധി

single-img
26 November 2015

sonia-gandhi-opens-indias-first-sea-8303ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ആഭ്യന്തരം മന്ത്രി രാജ്‌നാഥിന്റെ  പരാമര്‍ശങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി സോണിയാഗാന്ധി. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഭരണഘടനാ ദിനാചരണത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ കടന്നാക്രമണം.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ വരെ ഇപ്പോള്‍ ലംഘിക്കപ്പെടുകയാണെന്ന് സോണിയ കുറ്റപ്പെടുത്തി. ആഹ്ലാദത്തിന്റെ ദിനമാണ് ഇത്. എന്നാല്‍, ഇപ്പോള്‍ ഇത് ദുഃഖത്തിന്റെത് കൂടിയായിരിക്കുന്നു. കാരണം, നമ്മെ നയിക്കുകയും രാജ്യത്തിന് ശക്തിപകരുകയും ചെയ്യുന്ന ഭരണഘടനാ മൂല്യങ്ങള്‍ അപകടകരമായ നിലയിലായിരിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്ത് നടക്കുന്ന സംഭവങ്ങളെല്ലാം ഭരണഘടനാ തത്വങ്ങളെ ശക്തിപ്പെടുത്തുന്നതല്ല, പകരം ദുര്‍ബലപ്പെടുത്തുന്നതാണ്.

ഭരണഘടനാ നിര്‍മ്മാണത്തില്‍ ഒരുപങ്കും വഹിക്കാത്തയാളുകള്‍ ആ ഭരണഘടന സത്യം ചെയ്ത് ഇന്ന് അധികാരത്തിലിരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ തമാശയാണെന്നും സോണിയ പറഞ്ഞു. പാവങ്ങള്‍ക്കും മതേതരത്ത്വ മൂല്യങ്ങള്‍ക്കും തുല്യ പരിഗണന നല്‍കിയുള്ളതാണ് നമ്മുടെ ഭരണഘടനയെന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് സോണിയ കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി.

അംബ്ദേകര്‍ ഒരിക്കല്‍പോലും താന്‍ രാജ്യം വിടുകയാണെന്ന് പറഞ്ഞില്ലെന്നായിരുന്നു രാജ്‌നാഥിന്റെ പരാമര്‍ശം. അസഹിഷ്ണതയേറുന്ന ഘട്ടത്തില്‍ രാജ്യംവിട്ടുപോകേണ്ടിവരുമെന്ന ആമിര്‍ഖാന്റെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രാജ്‌നാഥ് സിങിന്റെ പ്രതികരണം.

ഭരണഘടനയില്‍ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഉള്‍പ്പെടുണമെന്ന അഭിപ്രായം അബേദ്കറിനുണ്ടായിരുന്നില്ലെന്നും പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാരാണ് ഈ രണ്ട് പദങ്ങളും ഭരണഘടനയുടെ ആമുഖത്തില്‍ തിരുകി കയറ്റിയതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.  മതേതരത്വം എന്ന വാക്ക് ഏറെ ദുരുപയോഗപ്പെടുത്തന്നതായും രാജ്‌നാഥ് സിങ് പറഞ്ഞു.