മുംബൈ ഭീകരാക്രമണത്തിന് ഇന്ന് ഏഴാണ്ട്

single-img
26 November 2015

Mumbai attckമുംബൈ:  മുംബൈ ഭീകരാക്രമണത്തിന് ഏഴ് വയസ്സ്.  2008 നവംബര്‍ 26ന് ആരംഭിച്ച ഭീകരാക്രമണം മൂന്നുദിവസമാണ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. ആക്രമണത്തില്‍ 166 പേര്‍ മരിക്കുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  തീവ്രവാദികള്‍ ആസൂത്രിതമായ പത്ത് ഭീകരാക്രമണങ്ങളാണ് നടത്തിയത്.  29ന് ഇന്ത്യന്‍ സൈന്യം ഭീകരരെ വധിക്കുന്നതുവരെ തുടര്‍ന്നു.

അടുത്തിടെ പാരിസില്‍ നടന്ന ഭീകരാക്രമണത്തിലും മുംബൈ ആക്രമണത്തിന്റെ രീതിയാണ് അവലംബിച്ചത്. ജനത്തിരക്കുള്ള പ്രധാന ഇടങ്ങള്‍ കണ്ടെത്തി ആക്രമണം നടത്തുകയായിരുന്നു ഭീകരര്‍.  മുംബെയുടെ പ്രധാന സ്ഥലങ്ങളായ ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, നരിമാന്‍ പോയന്റിലെ ഒബ്‌റോയി ട്രിഡന്റ്, കൊളാബയിലെ താജ്മഹല്‍ പാലസ് എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, കൊളാബയിലെ ടൂറിസ്റ്റ് റെസ്റ്റോറന്റായ ലിയോപോള്‍ഡ് കഫേ, കാമ ഹോസ്പിറ്റല്‍,  ഓര്‍ത്തഡോക്‌സ് ജ്യൂയിഷ് സെന്റര്‍, മെട്രോ ആഡ്‌ലാബ്‌സ് തിയേറ്റര്‍, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലാണ് ഭീകരാക്രമണങ്ങള്‍ നടന്നത്.

പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിനടുത്ത കാമ ഹോസ്പിറ്റലില്‍ നടന്ന വെടിവെപ്പില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിലെ  ഹേമന്ത് കര്‍ക്കരെ,  അശോക് കാംതെ,  വിജയ് സലസ്‌കര്‍, ശശാങ്ക് ഷിന്‍ഡെ എന്നിവര്‍ കൊല്ലപ്പെട്ടു. കൂടാതെ ദേശീയ സുരക്ഷാസേന കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ചാന്ദര്‍, ഛത്രപതി ശിവാജി ടെര്‍മിനസിലെ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ പെടുന്നു. ലഷ്‌കര്‍ ഭീകരന്‍ മൊഹമ്മദ് അജ്മല്‍ അമീര്‍ കസബിനെ കൈയോടെ പിടികൂടിയ വിചാരണയ്ക്കുശേഷം  തൂക്കിലേറ്റിയിരുന്നു.