നര്‍മ്മത്തില്‍ ചാലിച്ച ഫാമിലി എന്റര്‍ടെയിനര്‍; ‘രാജമ്മ@യാഹൂ’വിന് ധൈര്യമായി ടിക്കറ്റെടുക്കാം

single-img
25 November 2015

maxresdefault

സംവിധായകന്‍ ലാല്‍ ജോസിന്റെ പ്രിയ്യപ്പെട്ട ശിഷ്യന്മാരിലൊരാളായ രഘുരാമ വര്‍മ്മ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് രാജമ്മ@യാഹൂ. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുതിയ മുഖം, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സിന്ധുരാജാണ് രാജമ്മ@യാഹുവിന്റെയും തിരകഥ നിര്‍വഹിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍- ആസിഫ് അലി കൂട്ടുകെട്ടില്‍ ഒരു കോമഡി എന്റര്‍ടെയിന്‍മെന്റ് എന്ന് ഒറ്റവാക്കില്‍ ചിത്രത്തെ വിശേഷിപ്പിക്കാം.

റൊമാന്‍സും കോമഡിയുമൊക്കെകൂടി കൂട്ടികലര്‍ത്തിയ ഒരു മുഴുനീളന്‍ ഫാമിലി എന്റര്‍റ്റേയിനറാണ് രാജമ്മ@യാഹു. മൈക്കിള്‍ രാജമ്മ (കുഞ്ചാക്കൊ ബോബന്‍) എന്ന രാജമ്മയും വിഷ്ണു യോഹന്നാന്‍ (ആസിഫ് അലി) എന്ന യാഹുവും സഹോദരങ്ങളാണ്, ഒരു ലക്ഷ്യബോധവുമില്ലാത്ത രണ്ട് ചെറുപ്പക്കാര്‍. ഇരുമതത്തില്‍ പെട്ട അവരുടെ അച്ഛന്‍ യോഹന്നനും അമ്മ രാജമ്മയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. അവരുടെ മരണ ശേഷം പാരമ്പര്യമായി കിട്ടിയ വീട്ടില്‍ ആഘോഷിച്ച് ജീവിയ്ക്കുകയാണ് ഇരുവരും. പണിയെടുത്ത് ജീവിക്കാന്‍ മടിയായതുകൊണ്ട് അവര്‍ ആ വീട് വാടകയ്ക്ക് കൊടുക്കുന്നു. ഈ വീട്ടിലേക്ക് വാടകയ്ക്ക് താമസിക്കാന്‍ ഒരു കുടുംബം എത്തുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. രാജമ്മയുടെയും യാഹുവിന്റെ ജീവിതത്തില്‍ പിന്നീട് ഈ കുടുംബം ചെലുത്തുന്ന സ്വാധീനവും പിന്നീടുള്ള സംഭവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന സിനിമയുടെ ആദ്യ പകുതി കോമഡിയില്‍ തീര്‍ത്തിരിക്കുന്നു. കുഞ്ചാക്കോ ബോബന്‍ആസിഫ് അലി പെയറിന് മികച്ച രീതിയില്‍ തമാശ അവതരിപ്പിക്കാനും കഴിഞ്ഞു. രണ്ടാം പകുതിയില്‍ ചിത്രം കുറച്ച് സീരിയസ് ആയി അത് ക്ലൈമാസ് വരെ നീണ്ടുനിന്നു. സിന്ധുരാജ് തന്റെ സ്ഥിരം ശൈലിയില്‍ തന്നെയാണ് കഥ പറഞ്ഞു പോകുന്നത്.
പതിവില്‍ നിന്ന് വ്യത്യാസമായ റോളിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്, അല്പം വഷളത്തരം കൈയ്യിലുള്ള കഥാപാത്രം.

യാഹുവായി ആസിഫ് അലിയും തകര്‍ത്തു. അനുശ്രീയാണ് യാഹുവിന്റെ ജോഡിയായ നസീമയായി എത്തുന്നത്. യാഹുവിനെ നല്ലവനാക്കാന്‍ ശ്രമിക്കുന്ന കാമുകിയായ മുസ്ലീം പെണ്‍കുട്ടിയെയാണ് അനുശ്രീ അവതരിപ്പിച്ചത്. തന്റെ നാടന്‍ പെണ്‍കുട്ടിയുടെ വേഷം അനുശ്രീ ഗംഭീരമാക്കി എന്നുതന്നെ പറയാം.

ചാക്കോച്ചന്റെ ജോഡിയായി നിക്കി ഗല്‍റാണിയാണ് എത്തുന്നത്. തന്റെ ഷെറിന്‍ എന്ന കഥാപാത്രത്തെ കുഴപ്പമില്ലാത്ത രീതിയില്‍ നിക്കി കൈകാര്യം ചെയ്തിരിക്കുന്നു. ഇത്തവണായും കലാഭവന്‍ ഷാജോണ്‍ പൊളിച്ചു. ടൈമിങ് കോമഡിയാല്‍ പ്രേക്ഷകരെ കൈയ്യിലെടുത്തു ഷാജോണ്‍. ഇവര്‍ക്കുപുറമെ മാമൂക്കോയ, രഞ്ജി പണിക്കര്‍, സേതു ലക്ഷ്മി, പാര്‍വ്വതി നമ്പ്യാര്‍, സൈജു കുറുപ്പ് തുടങ്ങിയവരും അവരവരുടെ റോളുകള്‍ മികച്ചതാക്കി.

ബിജിപാലാണ് രാജമ്മ@യാഹൂവിന്റെ പാട്ടുകളൊരുക്കിയത്. കേട്ട് രസിക്കാവുന്ന ഗാനങ്ങള്‍. സന്തോഷ് വര്‍മ്മ, അനില്‍ പനച്ചൂരാന്‍, അജിത് കുമാര്‍, റഫീക്ക് അഹമ്മദ്, വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ എന്നിവരുടെ രചനയില്‍ ബിജിബാല്‍ ഈണം നല്‍കിയ അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. നജിം അര്‍ഷാദ്, വിനീത് ശ്രീനിവാസന്‍, സംഗീത ശ്രീകാന്ത്, ഗണേഷ് സുന്ദരം, രൂപ രേവതി,അല്‍ഫോണ്‍സ് ജോസഫ്, ബിജിബാല്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.പശ്ചാത്തല സംഗീതവും ബിജിപാല്‍ ഗംഭീരമാക്കി. എസ് കുമാറിന്റെ ഛായാഗ്രഹണത്തിലെ അനുഭവസമ്പത്തും ചിത്രത്തിന്റെ മാറ്റ് കൂട്ടിയിരിക്കുന്നു.

രാജമ്മ@യാഹൂ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് നവമാധ്യമങ്ങളിലൂടെ നിരവധി മോശം പ്രചാരണങ്ങള്‍ പലരും നടത്തിയിരുന്നു. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തി ചിത്രം മികച്ച രീതിയില്‍ മുന്നേറുകയാണ്. ഒരു തമാശപ്പടം കണ്ടാസ്വദിക്കാം എന്ന പ്രതീക്ഷയില്‍ തിയേറ്ററില്‍ എത്തുന്നവരെ ഒട്ടും ബോറടിപ്പിക്കാതെ രാജമ്മ@യാഹു പിടിച്ചിരുത്തുന്നു. ചിത്രത്തിന് ലഭിക്കുന്ന മികച്ച കളക്ഷന്‍ അത് ബോധ്യമാക്കുന്നുമുണ്ട്.