കോണ്‍ഗ്രസ് വനിതാനേതാവ് സതികുമാരിയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് മുടിമുറിച്ചത് സി.പി.എമ്മുകരല്ലെന്ന് പോലീസ് അന്വേഷണ സംഘം

single-img
25 November 2015

hair

കോണ്‍ഗ്രസ് വനിതാനേതാവ് സതികുമാരിയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് മുടിമുറിച്ചത് സി.പി.എമ്മുകരല്ലെന്ന് പോലീസ് അന്വേഷണ സംഘത്തിന്റെ രഹസ്യ റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലെ പെരുങ്കട വിള ബ്ലോക്ക് പഞ്ചായത്ത് കൊല്ലയില്‍ ഡിവിഷനില്‍ സിപിഐഎമ്മിനെതിരെ മത്സരിച്ച എല്‍. സതികുമാരിയുടെ മുടി വഴിയില്‍ തടഞ്ഞുനിര്‍ത്തി എതിരാളികള്‍ മുറിച്ചെന്ന വാര്‍ത്ത വന്‍ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു.

എന്നാല്‍ ഇത് 614 വോട്ടിന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ നാണക്കേട് മറച്ചുവെയ്ക്കാന്‍ സതികുമാരി തന്നെയുണ്ടാക്കിയ കള്ളക്കഥയാണെന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും തിരുവനന്തപുരം റൂറല്‍ എസ്പി ഷഫീന്‍ അഹമ്മദിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം വ്യക്തമാക്കിയെന്ന് മംഗളം ദിനപത്രത്തിലെ എസ്. നാരായണന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിഞ്ഞതിനുശേഷം നവംബര്‍ 12ന് വൈകിട്ട് അമരവിള നീറകത്തല ക്ഷേത്രത്തിന് സമീപമുളള ഇടറോഡില്‍ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി മുടി മുറിച്ചെന്നും തലയ്ക്കും കഴുത്തിനും ഇടിയേറ്റെന്നുമാണ് ഇവര്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ പരാതി നല്‍കാനായി ഇവര്‍തന്നെ മുടി മുറിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ആക്രമണം നടത്തിയ സംഘത്തില്‍ സ്വാമി എന്നയാള്‍ ഉണ്ടായിരുന്നെന്ന പരാതിയെ തുടര്‍ന്ന് സിപിഐഎം പ്രവര്‍ത്തകനായ സ്വാമി ഉള്‍പ്പെടെ ഇരുപതോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

സതികുമാരിയെ പരിശോധിച്ച പാറശാല ആശുപത്രി അധികൃതരും സതികുമാരിക്ക് പരുക്കേറ്റെന്നത് കളവാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ് സംഭവത്തിലെ സത്യാവസ്ഥ പൊലീസിന് ബോധ്യപ്പെട്ടത്. മുടിമുറിക്കല്‍ സംബന്ധിച്ച് സിപിഐഎം അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ആവശ്യപ്പെടുകയും കവയത്രി സുഗതകുമാരി ഉള്‍പ്പെടെയുളളവര്‍ ഈ വിഷയത്തെ അപലപിക്കുകയും ചെയ്തിരുന്നു.