സംസ്ഥാനത്തിന്റെ കടം ഒന്നരലക്ഷം കോടിയിലേക്ക് കുതിക്കുന്നു; പിറന്നുവീഴുന്ന ഓരോ കുഞ്ഞും 47,788.31 രൂപയുടെ കടക്കാര്‍

single-img
25 November 2015

Rupee 1_1

സംസ്ഥാനത്തിന്റെ കടം ഒന്നരലക്ഷം കോടിയിലേക്ക് കുതിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ കടത്തില്‍ 64,691.71 കോടിയുടേതാണു വര്‍ധന. പിറന്നുവീഴുന്ന ഓരോ കുഞ്ഞും 47,788.31 രൂപയുടെ കടക്കാരാണെന്നുള്ളതാണ് വസ്തുത. സംസ്ഥാനത്തിന്റെ വരുമാനം കുത്തനെ താഴോട്ടുപോകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

750 കോടി രൂപകൂടി സംസ്ഥാനത്തിന്റെ നിത്യനിദാനച്ചെലവുകള്‍ നടത്താനായി വീണ്ടും പൊതുവിപണിയില്‍നിന്ന് വായ്പയെടുത്തിരിക്കുകയാണ്. ഈ സാമ്പത്തികവര്‍ഷം ആരംഭിച്ചശേഷം എട്ടുമാസങ്ങള്‍ക്കുള്ളില്‍ 8,250 കോടി രൂപയാണ് സംസ്ഥാനം പൊതുവിപണിയില്‍നിന്നു വായ്പയെടുത്തത്. അങ്ങനെ വരുമ്പോള്‍ ഈ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ കേരളത്തിന്റെ പൊതുകടം 1,59,523 കോടിയിലെത്തും.

കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ കടത്തില്‍ ഏകദേശം എണ്‍പതുമുതല്‍ തൊണ്ണൂറു ശതമാനം വരെ വര്‍ധനയാണുണ്ടായതെന്നാണ് കണ്ടെത്തല്‍. കേരളം രൂപീകൃതമായശേഷമുള്ള അമ്പത്തിനാലു വര്‍ഷംകൊണ്ട് ആകെയുണ്ടായ കടം 78,675.24 കോടിയായിരുന്നത് കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷം കൊണ്ട് മാത്രം അതില്‍ 64,691.71 കോടിയുടെ വര്‍ധനയാണുണ്ടായതെന്നുള്ള കാര്യം ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞപ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം കടം 78,675.24 കോടിയായിരുന്നു. ആ സര്‍ക്കാരിന്റെ കാലത്ത് 30,000 കോടിയോളം വര്‍ധനയാണുണ്ടായത്. എന്നാല്‍ അതിന്റെ ഇരട്ടിയിലാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനം കൈവരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും ഇന്ന് 47,788.31 രൂപയുടെ കടക്കാരാണ്. ഈ സാമ്പത്തികവര്‍ഷം നമുക്ക് 14,500 കോടി രൂപയാണ് പൊതുവിപണിയില്‍നിന്നു വായ്പയെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. അതില്‍ ഇപ്പോഴത്തെ 750 കോടി കൂടി ചേര്‍ക്കുമ്പോള്‍ എത്തിനില്‍ക്കുന്ന 8,250 കോടിയും എടുത്തത് ശമ്പളവും പെന്‍ഷനും നല്‍കാന്‍ മാത്രമാണ്. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ പലിശനല്‍കുന്നതിനുമാത്രം സംസ്ഥാനം പ്രതിവര്‍ഷം 10,952.10 കോടി രൂപ കണ്ടെത്തണമെന്നുള്ളത് ഭീതിപ്പെടുത്തുന്ന അവസ്ഥകൂടിയാണ്.