ഐ.എസ് ഭീകരര്‍ക്കെതിരെയുള്ള റഷ്യന്‍ ദൗത്യത്തിന് തടസ്സമുണ്ടാകുന്ന എന്തും നേരിടാന്‍ എയര്‍ ഡിഫന്‍സ് സിസ്റ്റമുള്ള പടക്കപ്പല്‍ റഷ്യ മെഡിറ്ററേനിയന്‍ കടലില്‍ വിന്യസിച്ചു

single-img
25 November 2015

Russian Official: Russia Warships May Blockade Syria Coast

റഷ്യയുടെ സുഖോയ് എസ് യു24 യുദ്ധവിമാനം സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കിയുടെ എഫ് 16 യുദ്ധ വിമാനങ്ങള്‍ വെടിവെച്ചുവീഴ്ത്തിയതിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ പുതിയ തലത്തിലേക്ക്. വിമാനം തകര്‍ത്തതിനാല്‍ തുര്‍ക്കിയുമായുള്ള സൈനിക ഉടമ്പടികള്‍ ലംഘിക്കുന്നതായും സിറിയയിലെ റഷ്യന്‍ ദൗത്യത്തിന് തടസ്സമുണ്ടാകുന്ന എന്തും നേരിടാന്‍ എയര്‍ ഡിഫന്‍സ് സിസ്റ്റമുള്ള പടക്കപ്പല്‍ മെഡിറ്ററേനിയന്‍ കടലില്‍ വിന്യസിച്ചതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഐ.എസ് ഭീകരര്‍ക്കെതിരെയുള്ള പടനീക്കത്തില്‍ മേഖലയില്‍ റഷ്യന്‍ ദൗത്യത്തിന് തടസ്സം സൃഷ്ടിക്കുന്ന എന്ത് ടാര്‍ഗറ്റും തകര്‍ക്കുന്നതിന് റഷ്യയ്ക്ക് മടിയുണ്ടാകില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇനിമുതല്‍ സിറിയയില്‍ വ്യോമാക്രമണം നടത്തുന്ന റഷ്യന്‍ വിമാനങ്ങള്‍ക്ക് അകമ്പടി വിമാനങ്ങളും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

നാറ്റോ അംഗരാജ്യം റഷ്യന്‍ വിമാനം വെടിവെച്ചുവീഴ്ത്തുന്നത് അര നൂറ്റാണ്ടിന് ശേഷം ആദ്യമായാണ്. ഭീകരരോട് കൂട്ടുകൂടിയുള്ള പ്രവര്‍ത്തനമാണ് തുര്‍ക്കി നടത്തിയിരിക്കുന്നതെന്നാണ് പുടിന്‍ വിമാനം തകര്‍ത്തതിനെപ്പറ്റി പ്രതികരിച്ചത്. ഐഎസ് ഭീകരരുമായി തുര്‍ക്കി എണ്ണ വ്യാപാരം നടത്തുന്നുണ്ടെന്നും തുര്‍ക്കിയ്ക്ക് റഷ്യ ഒരു ഭീഷണിയുമില്ലാതിരുന്നിട്ടും ഭീകര വിരുദ്ധ യുദ്ധത്തിലെ ധാരണകള്‍ ലംഘിച്ച് വിമാനം തകര്‍ത്തതിന്റെ പിന്നില്‍ ഐ.എസ് സ്‌നേഹമാണെന്നും പുടിന്‍ പറഞ്ഞു.