ഉയർന്ന രക്തസമ്മർദ്ദവും അനുബന്ധ രോഗങ്ങളും

single-img
25 November 2015

072423-blood-pressureഉയർന്ന രക്തസമ്മർദ്ദം ചികിത്സ ലഭിക്കാതെ അനിയന്ത്രിതമായി തുടർന്നാൽ അത് ശരീരത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. കൂടാതെ ഹൃദയാഘാതത്തിനും മാരകമായ മസ്തിഷ്ക, വൃക്കരോഗങ്ങൾക്കും ഇത് കാരണമായി തീരുന്നതിനാൽ രോഗം അറിഞ്ഞ് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

[quote]ഉയർന്ന രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന ചില രോഗങ്ങൾ[/quote]

രക്തധമിനികളുടെ തകരാറുകൾ

രക്തധമിനികൾ സാധാരണയായി വളരെ മാർദ്ദവമുള്ളതും, ഇലാസ്റ്റിക്ക് ശേഷിയും ഉള്ളതാണ്. രക്തം സുഖമമായി ഒഴുകുവാൻ തക്ക വഴുക്കലുള്ളതിനാൽ രക്തധമനികൾ ഉയർന്ന രക്തസമ്മർദ്ദത്തിൽ തകരാറിലാകും. രക്തധമനികളിലെ കോശങ്ങൾ തകരാറിലാകുന്നതിനോടൊപ്പം അവയുടെ ഭിത്തികൾക്ക് കട്ടികൂടുകയും കൊഴുപ്പടിഞ്ഞ് വ്യാസം കൂടുകയും ചെയ്യും. ശരീരത്തിന് വേണ്ടത്ര രക്തം കിട്ടാതെ വരുമ്പോൾ നെഞ്ചുവേദന, ഹൃദയാഘാതം, വൃക്കകൾക്ക് തകരാർ, പശ്ചാഘാതം എന്നിവയുണ്ടാകാം. ഏറെനാൾ ഈ അവസ്ഥ ചികിത്സിക്കാതെ തുടർന്നാൽ രക്തധമനികൾ പൊട്ടി ആന്തരിക രക്തസ്രാവത്തിന് അത് വഴി തെളിച്ചേക്കം.

ശരീരത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യുന്ന ഹൃദയം രക്തസമ്മർദ്ദം ഉയരുമ്പോൾ കൂടുതൽ ശക്തിയായി പ്രവർത്തിച്ച് തകരാറിലാവാനുള്ള സാധ്യത കണ്ടുവരുന്നു. രക്തസമ്മർദ്ദം കാരണം ഹൃദയത്തിൽ രക്തം എത്തിക്കുന്ന രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടി രക്തയോട്ടം കുറയുകയും അങ്ങനെ ഹൃദയത്തിന്റെ പ്രവർത്തനം തടസപ്പെട്ട് ഹൃദയാഘാതത്തിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. അതുപോലെതന്നെ ഹൃദയത്തിന്റെ ഇടത് ഭാഗം കൂടുതലായി പ്രവർത്തിച്ച് ഹൃദയപേശികൾക്ക് കട്ടികൂടി കാലക്രമേണ ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഹൃദയം പോലെതന്നെ തലച്ചോറിനും പ്രവർത്തിക്കാനാവശ്യമായ രക്തം കിട്ടെണ്ടതാണ്. തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകൾ രക്തസമ്മർദ്ദം താങ്ങാനാവാതെ പൊട്ടുകയും അതുവഴി ആന്തരിക രക്തസ്രാവവും തുടർന്ന് പശ്ചാഘാതവും ഉണ്ടാകുന്നു.

ചെറിയ പ്രായത്തിൽ ആരംഭിക്കുന്ന രക്തസമ്മർദ്ദം കാലക്രമേണ തലച്ചോറിലെ രക്തക്കുഴലുകൾ തകരാറിലാക്കുകയും തലച്ചോറിന്റെ പ്രവർത്തനങ്ങളായ ഓർമ്മശക്തി, സംസാരശേഷി, ചിന്താശേഷി എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യുന്നു.

ഉയർന്ന രക്തസമ്മർദ്ദം വൃക്കകളുടെ പ്രവർത്തനത്തേയും തകരാറിലാക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം മൂലം വൃക്കകളിലേക്ക് രക്തമെത്തിക്കുകയും, പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന രക്തക്കുഴലുകൾക്ക് തകരാർ സംഭവിക്കുകയും ശുദ്ധീകരണപ്രക്രിയ നടക്കാതെ ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി ഗുരുതരരോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

കണ്ണിൽ രക്തമെത്തിക്കുന്ന നേർത്ത രക്തക്കുഴലുകൾ ഉയർന്ന രക്തസമ്മർദ്ദത്തിൽ പൊട്ടുകയും കണ്ണിനുള്ളിൽ രക്തസ്രാവം, കാഴ്ചക്കുറവ്, തുടങ്ങിയ പല നേത്രരോഗങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു. ഇവയ്ക്ക് പുറമെ ഉയർന്ന രക്തസമ്മർദ്ദത്താൽ ലൈംഗിക രോഗങ്ങൾ, എല്ലുകളുടെ ബലക്ഷയം-പൊട്ടൽ, കൂർക്കംവലി, ഉറക്കക്കുറവ് മുതലായ രോഗങ്ങളും കാണപ്പെടുന്നു.

 

[quote arrow=”yes”]കിംസ് കാർഡിയോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ആണു ലേഖിക[/quote]