എട്ടാമത്തെ ലോക അത്ഭുതവുമായി ചൈന; ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപ്പിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്

single-img
25 November 2015

telescopeചൈന നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപ്പിന്റെ നിര്‍മ്മാണം  അവസാനഘട്ടത്തിലേക്ക്. 500 മീറ്റര്‍ വ്യാസം കണക്കാക്കുന്ന ടെലസ്‌കോപ്പ് തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗൂഷു പ്രവിശ്യയിലാണ്  നിര്‍മ്മിക്കുന്നതു.  30 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ടെലസ്‌കോപ്പിന് ഫൈവ് ഹണ്ട്രഡ് മീറ്റര്‍ അപ്പേച്ചര്‍ സ്‌ഫെറിക്കല്‍ ടെലസ്‌കോപ്പ്(ഫാസ്റ്റ്) എന്നാണ് ചൈന പേരിട്ടിരിക്കുന്നത്. അഞ്ച് വര്‍ഷമെടുത്താണ് ചൈന ലോകത്തിലെ ഏറ്റവും വലിയ ടെലസ്‌കോപ്പ് നിര്‍മ്മിക്കുന്നത്.  അടുത്തവര്‍ഷം സെപ്തംബറില്‍ പൂര്‍ണ്ണമായും സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂലൈയില്‍ ഭൗതികനിര്‍മ്മാണം പൂര്‍ത്തിയാകുമെങ്കിലും തുടര്‍ന്നുള്ള മാസങ്ങളിലെ പരീക്ഷണങ്ങള്‍ക്കൊടുവിലായിരിക്കും പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാവുക.   ടെലസ്‌കോപ്പിന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന റെറ്റിന സ്ഥാപിക്കുകയും പരീക്ഷിച്ച് വിജയിക്കുകയും ചെയ്തിട്ടുണ്ട്. 30000 കിലോഗ്രാം ഭാരമുള്ളതാണ് ഫാസ്റ്റിന്റെ റെറ്റിന. പ്രപഞ്ചത്തില്‍ എവിടെ നിന്നും സിഗ്നലുകള്‍ ശേഖരിക്കാന്‍ ശേഷിയുള്ളതാണ് ഈ ടെലസ്‌കോപ്പ്.

സാധാ ടിവി ആന്റിനയോട് സമാനമായ പ്രവര്‍ത്തനരീതിയുള്ള ഫാസ്റ്റിനെ  കാല്‍നടയായി ചുറ്റിവരാന്‍ കുറഞ്ഞത് 40 മിനുറ്റെടുക്കും. ഏകദേശം 4500 ത്രികോണാകൃതിയിലുള്ള കൂറ്റന്‍ പാനലുകളാണ് ടെലസ്‌കോപ്പിലുള്ളത്. ടെലസ്‌കോപ്പിന്റെ ആന്റിന വഴിയാണ് ദിശ നിശ്ചയിക്കുക. പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ഫാസ്റ്റ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ജ്യോതിശാസ്ത്ര ഉപകരണമാണ് ഫാസ്റ്റ്. 120 കോടി യുവാന്‍ (ഏകദേശം 1245 കോടിരൂപ) ആണ് ഈ കൂറ്റന്‍ ദൂരദര്‍ശിനിയുടെ നിര്‍മ്മാണ ചെലവ്.