മാനസികരോഗിയും വൃക്കരോഗിയുമടങ്ങിയ കുടുംബത്തിനെ സംരക്ഷിക്കാന്‍ ഓട്ടോ ഓടിക്കാന്‍ പോയ ഷൈലാമ്മയ്ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗമല്ലാത്തതിന്റെ പേരില്‍ വിലക്ക്

single-img
24 November 2015

Shylamma

രോഗാതുരമായ അവസ്ഥയിലാണ് ഹൃദയമെങ്കിലും മാനസികരോഗിയും വൃക്കരോഗിയും ഉള്‍പ്പെട്ട തന്റെ കുടുംബത്തിന് ആഹാരം കഴിക്കണമെങ്കില്‍ ഷൈലാമ്മ ഓട്ടോ ഓടിക്കണം. ഓട്ടോ ഓടിക്കാന്‍ ഷൈലാമ്മ തയ്യാറാണെങ്കിലും ഒരുകാരണവശാലും അത് സമ്മതിക്കില്ല എന്ന നിലപാടിലാണ് ഷൈലാമ്മയുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. നാളെ മരിക്കാനുള്ളവരെ ഇന്നലേയെ കൊല്ലുന്ന നിലപാടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ഷൈലാമ്മ.

ഹൃദ്രോഗിയായതിനാല്‍ പേസ്‌മേക്കര്‍ വെച്ച് ജീവിക്കുന്ന ആരോരുമില്ലാത്ത വീട്ടമ്മയോടാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഈ ക്രൂരത. രാഷ്ട്രീയപാര്‍ട്ടിയില്‍ അംഗത്വം ഇല്ലെന്ന കാരണത്താലാണ് യൂണിയന്‍കാരും ഭരണാധികാരികളും ചേര്‍ന്ന് ഷൈലാമ്മയെ ഓട്ടോറിക്ഷ ഓടിക്കുന്നതില്‍ നിന്നും തടഞ്ഞത്. ഇന്ന് മുഴുപ്പട്ടിണിയില്‍ ജീവിക്കുന്ന ഈ കുടുംബം മുട്ടാത്ത വാതിലുകള്‍ ഒന്നുമില് എന്നുള്ളതാണ് സത്യം.

ഇടുക്കി ചെറുതോണിക്കുസമീപം പെരുങ്കാല വട്ടക്കുന്നേല്‍ ഷൈലാമ്മയ്ക്ക് സ്വന്തമായിട്ട് ഓട്ടോറിക്ഷയുണെ്ടങ്കിലും അത് ചെറുതോണിസിറ്റിയില്‍ ഓടിക്കാന്‍ അനുവാദത്തിനായി രണ്ടുമാസമായി കളക്ടറേറ്റില്‍ കയറിയിറങ്ങുകയാണ്. ഭര്‍ത്താവിന്റെ മാനസികരോഗിയായ അമ്മയെയും ഇരുവൃക്കകളും തകരാറിലായ അവിവാഹിതയായ സഹോദരിയെയും സംരക്ഷിക്കുന്നത് ഷൈലാമ്മയും കൂലിപ്പണിക്കാരനായ ഭര്‍ത്താവും കൂടിയാണ്. ഏഴാംക്ലാസ്സില്‍ പഠിക്കുന്ന രണ്ട് മക്കളെയും വീട്ടിലെ ദുരിതംമൂലം അനാഥാലയത്തില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. കുടുംബത്തിന് ആകെയുള്ളത് പത്തുസെന്റ് പട്ടയസ്ഥലവും താമസിക്കുന്ന പടുതാഷെഡ്ഡും പണയപ്പെടുത്തിയാണ് പിന്നാക്കവികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസില്‍നിന്ന് വായ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്.

ചെറുതോണി ടൗണില്‍ ഓട്ടോറിക്ഷ ഓടാനുള്ള പെര്‍മിറ്റും ഇടുക്കി മോട്ടോര്‍ വാഹനവകുപ്പ് അധികാരി നല്‍കിയെജ്കിലും യൂണിയന്‍അംഗത്വം ഇല്ലെന്നുപറഞ്ഞ് യൂണിയന്‍കാരില്‍ ചിലര്‍ അത് തടയുകയായിരുന്നു. ഷൈലാമ്മയുടെ ഓട്ടോറിക്ഷയില്‍ കയറുന്ന യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതായ ഷൈലാമ്മ പാര്‍ട്ടിഓഫീസുകള്‍ കയറി നേതാക്കളുടെ കാലുപിടിച്ചു. രോഗികളുടെയും ദാരിദ്ര്യത്തിന്റേയും വിളനിലമായ തന്റെ വീട്ടിലെ അവസ്ഥ വിവരിച്ചെങ്കിലും യാതൊരു പ്രയോജനമുണ്ടായില്ല. അവസാനം ഇടുക്കി പോലീസില്‍ ഷൈലാമ്മ പരാതി നല്‍കിയെങ്കിലും ആര്‍.ടി.ഒ.യുടെ അനുമതി ലഭിച്ചാല്‍ സംരക്ഷണം നല്‍കാമെന്ന് പോലീസ് അറിയിക്കുകയായിരുന്നു.

വീണ്ടും അലച്ചിലായിരുന്നു. അനുമതിക്കായി ദിവസങ്ങളോളം ഇവര്‍ ഇടുക്കി ആര്‍.ടി.ഓഫീസ് കയറിയിറങ്ങിയെങ്കിലും രോഗം ഷൈലാമ്മയെ പിടികൂടി. ആര്‍.ടി.ഓഫീസില്‍ചെന്ന് കരഞ്ഞ് കാര്യങ്ങള്‍ വിവരിച്ച ഷൈലാമ്മയോട് തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ നടപടിയുണ്ടാക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. അതിന്‍പ്രകാരം തിരഞ്ഞെടുപ്പുകഴിഞ്ഞ് ചെന്നപ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവിനെ പാര്‍ട്ടിഓഫീസില്‍പോയി കാണാനാണ് ഒരു ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചത്.

ഇപ്പോള്‍ ഹോംനഴ്‌സ്‌ജോലിക്ക് പോയാണ് ഷൈലാമ്മ ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്. അസുഖം കൂടിയപ്പോള്‍ പേസ്‌മേക്കര്‍ സ്ഥാപിക്കാന്‍ രണ്ടുലക്ഷംരൂപ സംഘടിപ്പിച്ചത് ജോലി ചെയ്തവീട്ടിലെ ഡോക്ടറും സിനിമാനടന്‍ മുകേഷിന്റെ നിയന്ത്രണത്തിലുള്ള ഫൗണ്ടേഷനുംചേര്‍ന്നാണ്. എന്നാല്‍ മൂന്നു മാസത്തില്‍ ഒരിക്കല്‍ ചെക്കപ്പിന് പോകണമെന്നുള്ളത് പണം ഇല്ലാത്തതിനാല്‍ ഇപ്പോള്‍ മുടങ്ങിയ അവസ്ഥയിലുമാണ്.