കേരളത്തില്‍ വെച്ച് പീഡനത്തിനിരയായ ബംഗ്ലാദേശ് സ്വദേശിനി സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുന്നു; പീഡനക്കേസിലെ ഇര എന്നതില്‍ നിന്നും തന്നെ നല്ല കലാകാരിയും എഴുത്തുകാരിയുമായി അംഗീകരിച്ച കേരളത്തിനും കേരള ജനതയ്ക്കും ഹൃദയം നിറഞ്ഞ നന്ദിയുമായി

single-img
24 November 2015

Kozhikkode

പീഡനത്തിന്റെ പേരില്‍ ശരീരത്തുവീണ പാടുകള്‍ മാഞ്ഞുവെങ്കിലും മനസ്സില്‍ അതൊരു വലിയ മുറിവായി തന്നെ കിടന്നിരുന്നു. എന്നാല്‍ എല്ലാ വേദനയിലും നിരാശയിലും നിന്നും ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ് അവള്‍ ചിറകുവിരിച്ചു. സഹായത്തിനായി കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ മനസ്സ് അവള്‍ക്കൊപ്പം നിന്നു.

എരഞ്ഞിപ്പാലത്തെ ഫ്‌ളാറ്റില്‍ പീഡനത്തിനിരയായ ബംഗ്ലാദേശ് സ്വദേശിനി സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുകയാണ്. 85,000 രൂപ (ഒരു ലക്ഷം ടാക്ക) ഒരു അവാര്‍ഡുപോലെ അവള്‍ കഴിഞ്ഞ ദിവസം വാങ്ങി. പീഡിപ്പിക്കപ്പെട്ടതിന്റെ പേരില്‍ ആരും നല്‍കിയതല്ല അത്. തന്റെ കലാപരമായ കഴിവുകള്‍ ഉപയോഗിച്ച് ബ്രഷിലും തൂലികയിലും രചിച്ച സൃഷഌടികള്‍ക്കുള്ള അംഗീകാരമാണ് ആ 34കാരിക്ക് ലഭിച്ചത്.

ഒരു നല്ല കലാകാരിയും എഴുത്തുകാരിയുമായി അവളെ സമൂഹം അംഗീകരിക്കാന്‍ വഴിയൊരുക്കിയ സന്നദ്ധസേവനരംഗത്തു ഇതിനോടകം ശ്രദ്ധേയമായ ആം ഓഫ് ജോയ് എന്ന സംഘടന അഭിനന്ദനം അര്‍ഹിക്കുകയാണ്. ബംഗ്ലാദേശ് യുവതിയുടെ കലാപരമായ കഴിവ് തിരിച്ചറിഞ്ഞ ആം ഓഫ് ജോയ് ഭാരവാഹികള്‍ അവളുടെ രചനകള്‍ ഉള്‍പ്പെടുത്തി ‘ഞാന്‍ എന്ന മുറിവ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഒപ്പം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ യ്രുവതി വരച്ച ചിത്രങ്ങള്‍ പദര്‍ശനത്തിനും വില്പനയ്ക്കുമായി വെയ്ക്കുകയും ചെയ്തു.

എട്ടു ദിവസത്തെ പ്രദര്‍ശനം അവസാനിച്ചപ്പോഴേക്കും പതിനെട്ട് ചിത്രങ്ങളും വിറ്റുപോയിരുന്നു. കൂടാതെ രണ്ടു ചിത്രങ്ങള്‍ വീണ്ടും വരയ്ക്കാനുള്ള ഓര്‍ഡറും ലഭിച്ചു. 34 ഫീമെയില്‍ ബംഗ്ലാദേശ് എന്ന പേരില്‍ നടന്ന പ്രദര്‍ശനത്തില്‍ നിന്നും സാമൂഹിക നീതി മന്ത്രി ഡോ.എം.കെ. മുനീര്‍ അടക്കമുള്ളവര്‍ ചിത്രങ്ങള്‍ സ്വന്തമാക്കി. വാങ്ങിയവരാരും സഹതാപത്തിന്റെ പരിലല്ല, ചിത്രങ്ങളുടെ ആശയങ്ങളുടേയും മനോഹാരിതയുടേയും പേരിലാണെന്നും സാക്ഷ്യപ്പെടുത്തുന്നു.

സായ എന്ന തൂലികാനാമത്തില്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ 431 കോപ്പികള്‍ ഇതിനകം വിറ്റഴിഞ്ഞു. ചിത്രങ്ങള്‍ക്ക് ലഭിച്ച 60,000 രൂപ മുഴുവനായും പുസ്തകവില്‍പ്പനയില്‍ നിന്നും ലഭിച്ച 25,000 രൂപയും ചേര്‍ത്ത് യുവതിക്ക് കഴിഞ്ഞദിവസം കൈമാറുകയായിരുന്നു. പുസ്തകവില്‍പ്പനയില്‍ നിന്ന് ബാക്കിയുള്ള 18100 രൂപയും, തുടര്‍ന്ന് പുസ്തകത്തിന് ലഭിക്കുന്ന തുകയും ലൈംഗികാതിക്രമത്തിനു ഇരയാകുന്ന പെണ്‍കുട്ടികള്‍ക്കുള്ള ഫണ്ട് ആക്കി മാറ്റുമെന്ന് ആം ഓഫ് ജോയ് മാനേജിംഗ് ട്രസ്റ്റി ജി. അനൂപ്, രേഖാ അനൂപ് എന്നിവര്‍ പറഞ്ഞു.

അജ്ഞാതയായി കഴിയുന്ന യുവതിയോടു സമൂഹത്തിനു പറയാനുള്ളതെല്ലാം പ്രദര്‍ശനഹാളില്‍ വച്ച് വെള്ളക്കടലാസില്‍ എഴുതി വാങ്ങി അവ ബൈന്‍ഡ് ചെയ്ത്, ഓരോ കുറിപ്പിന്റെയും മറുവശത്ത് ഹിന്ദി പരിഭാഷയും ചേര്‍ത്ത് ടു സായ പ്യാര്‍ സെ കോഴിക്കോട് എന്ന പേരില്‍ യുവതിക്ക് കൈമാറുകയും ചെയ്തു. നിയമപരമായ തടസങ്ങള്‍ മൂലമാണ് യുവതി അജ്ഞാതയായി കഴിയുന്നത്.

നിര്‍ഭയ പുനരധിവാസ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്ന യുവതിയെ നാട്ടിലേക്കയയ്ക്കാനുള്ള ഉത്തരവില്‍ കോടതി നിര്‍ദേശപ്രകാരം കളക്ടര്‍ ഒപ്പിട്ടതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്.