സൈബര്‍ സുരക്ഷ; എം.ജിയില്‍ ദ്വിദിന ശില്‍പശാല നടത്തി

single-img
24 November 2015

indexഅടുത്ത വർഷത്തിന്റെ ആദ്യ മാസങ്ങളിൽ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയേയും പിന്നിലാക്കി കുതിക്കുമെന്നു പ്രുമുഖ നവമാധ്യമ വിദഗ്ധനും ടെക്നോളജി എഴുത്തുകാരനുമായ സെയ്ദ് ഷിയാസ് മിര്‍സ പറഞ്ഞു. എം.ജി. സര്‍വകലാശാല പുല്ലരിക്കുന്ന് സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് സംഘടിപ്പിച്ച ‘സൈസെക്-2’ ദ്വിദിന സൈബര്‍ സെക്യൂരിറ്റി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഒരു കോടിയില്‍ നിന്ന് 10 കോടിയില്‍ എത്താന്‍ 10 വര്‍ഷം വേണ്ടിവന്നു എങ്കില്‍ പിന്നീട് ആ കണക്ക് 30 കോടിയില്‍ നിന്ന് 40 കോടിയിലെത്താന്‍ എടുത്തത് വെറും ഒരു കൊല്ലം മാത്രമാണെന്നും ,ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 40.2 കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ 30.6 കോടി ആളുകൾ അവരുടെ മൊബൈൽ ഉപകരണങ്ങളിൽ നിന്നാകും ഇന്റർനെറ്റ് ആക്സസ് ചെയ്യുക . ഇന്റർനെറ്റ് & മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (IAMAI) , ഇന്ത്യൻ മാർക്കറ്റ് റിസർച്ച് ബ്യൂറോ(IMRB) എന്നീ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരമാണ്‌ ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ അത്ഭുതാവഹമായ ഈ വളർച്ച കണ്ടെത്തിയിരിക്കുന്നതെന്ന് സെയ്ദ് ഷിയാസ് മിര്‍സ പറഞ്ഞു.

സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് എം.ജി യൂണിവേഴ്സിറ്റിയുടെ, കോട്ടയത്തെ സ്കൂള്‍ ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയന്‍സിലെ,കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം സംഘടിപ്പിച്ച ദ്വിദിന സുരക്ഷാ അധിഷ്ഠിത സെമിനാറും ശില്‍പശാലയും എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21-ന് എം.ജി. സ്കൂള്‍ ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയന്‍സ് (STAS)ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സൈസെക് 1’ എന്ന പരിപാടിയുടെ തുടര്‍ച്ചയായാണ് ഈ വര്‍ഷം ‘സൈസെക്-2’ എന്ന സൈബര്‍ സുരക്ഷാ ശില്‍പശാല എം.ജി. സര്‍വകലാശാല നടത്തിയത്.

നവംബര്‍ 20-ന് രാവിലെ സ്റ്റാന്‍ഡ് ആ‍‍ഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സ്റ്റാസ് ഡയറക്ടര്‍ ഡോ.ബാലചന്ദ്രന്‍, കോട്ടയം സ്റ്റാസ് ഡയറക്ടര്‍ കെ. ശ്രീകൃഷ്ണകുമാര്‍, കേരളാ ഹൈടെക് സെല്‍ എ.സി.പി. വിനയകുമാരന്‍ നായര്‍, സ്റ്റാസ് കോട്ടയം കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. ബിന്ദു.കെ, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ വിഷ്ണു പി. എന്നിവര്‍ സംബന്ധിച്ചു.

നവംബര്‍ 20-ന് നടന്ന ശില്‍പശാലയിലും സെമിനാറിലും കേരളാ പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് വിനയകുമാരന്‍ നായര്‍ ‘സൈബര്‍ ക്രൈമുകളും നിയമവും’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.സൈബര്‍ സുരക്ഷാ മേഖലയിലെ ടെക്നിക്കുകള്‍, ചലഞ്ചുകള്‍ എന്നിവ പരിചയപ്പെടുത്തുന്ന ‘സൈസെക് 2’ ശില്‍പശാലയില്‍ പ്രമുഖ നവമാധ്യമ വിദഗ്ധനും, ടെക്നോളജി എഴുത്തുകാരനുമായ സെയ്ദ് ഷിയാസ് മിര്‍സ, ‘സൈബര്‍ സുരക്ഷാ മേഖലയിലെ തൊഴില്‍ സാധ്യതകള്‍’ എന്ന വിഷയത്തില്‍ ക്ലാസ്സും ചർച്ചയും നയിച്ചു.

21-നു നടന്ന സെമിനാറില്‍ തിരുവനന്തപുരം സി-ഡാക്കിലെ സൈബര്‍ ഫോറന്‍സിക് വിഭാഗം ശാസ്ത്രജ്ഞന്‍ നബീല്‍കോയ സൈബര്‍ ഫോറന്‍സിക് ടൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിചയപ്പെടുത്തി,. ബാങ്കിംഗ് മേഖലയിലെ സൈബര്‍ സുരക്ഷ എന്ന വിഷയത്തില്‍ ബാലകൃഷ്ണന്‍, വ്യക്തിത്വ വികസനത്തെക്കുറിച്ച് സാംസണ്‍ ജോസഫ് എന്നിവര്‍ ശില്‍പശാലയില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

എം.ജി. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്റ്റാസ് ഇടപ്പള്ളി, പത്തനംതിട്ട, കോട്ടയം സെന്ററുകളിലെ 236 ബി.എസ്.സി. സൈബര്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥികളാണ് ഈ ശില്‍പശാലയിലും ചര്‍ച്ചാക്ലാസിലും പങ്കെടുത്തത്. തുടര്‍വര്‍ഷങ്ങളില്‍ ‘സൈസെക്’ ന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സൈബര്‍ സുരക്ഷയില്‍ അവബോധം സൃഷ്ടിക്കുന്നതിനായുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ യൂണിവേഴ്സിറ്റിയുടെ സഹായം തേടുമെന്നും സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ വിഷ്ണു പി പറഞ്ഞു.