മോദി തരംഗം അവസാനിക്കുന്നുവോ? ലോക്‌സഭാ സീറ്റിലേക്കുള്ള ഉപ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; ബിജെപിയുടെ സിറ്റിംഗ് സീറ്റ് നഷ്ടമായി

single-img
24 November 2015

modi_wharton_bjpapഭോപ്പാല്‍: ബിഹാറില്‍ ഏറ്റ ദയനീയ തോല്‍വിക്ക് പിന്നാലെ ലോക്‌സഭാ സീറ്റിലേക്കുള്ള ഉപ തെരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തിരിച്ചടി. മധ്യപ്രദേശിലെ ബിജെപിയുടെ സിറ്റിംഗ് ലോക്‌സഭ സീറ്റായ രത്‌ലാമിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാന്തിലാല്‍ ഭൂരിയ വിജയിക്കുമെന്ന് ഉറപ്പായി.  പകുതിയിലധികം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഭൂരിയ അറുപതിനായിരത്തിലധികം വോട്ടുകള്‍ക്കു മുന്നിലാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന തെലങ്കാനയിലെ വാറംഗലില്‍ ടി.ആര്‍.എസ് സ്ഥാനാര്‍ത്ഥി ഏറെ മുന്നിലാണ്. ബി.ജെ.പി. ഇവിടെ മൂന്നാം സ്ഥാനത്താണ്.

ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റിലാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. ബി.ജെ.പിയുടെ ദിലീപ് സിംഗ് ഭൂരിയയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ദിലീപ് സിംഗിന്റെ മകള്‍ നിര്‍മ്മല ഭൂരിയയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.  മോഡി തരംഗമുണ്ടായ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 29 സീറ്റുകളില്‍ 27 ബിജെപി നേടിയിരുന്നു. വെറും രണ്ട് സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇവിടെ വിജയിച്ചത്. എന്നാല്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലേറി 18 മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സഹതാപ തരംഗത്തെയും മറികടന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാന്തിലാല്‍ ഭൂരിയ വന്‍ വിജയം നേടിയത്.

അടുത്ത് നടക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ് രത്‌ലാമിലെ കോണ്‍ഗ്രസ് വിജയം.   അതേസമയം, മധ്യപ്രദേശിലെ ദേവാസ് നിയമസഭ സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഗായത്രി രാജെ 40,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ഇത് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണിത്.