ഐആര്‍സിടിസിയുടെ ശൈത്യകാല ടൂറിസം ട്രെയിന്‍ ഡിസംബര്‍ മുതല്‍

single-img
24 November 2015

Railwayതിരുവനന്തപുരം: ശൈത്യകാല വിനോദസഞ്ചാരം ആസ്വദിക്കുന്നതിനായി കുറഞ്ഞ ചെലവില്‍ ആഡംബര ട്രെയിന്‍ യാത്രയൊരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേകാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍. പൈതൃക കേന്ദ്രങ്ങളും മരുഭൂമിയും ഉള്‍പ്പെടുന്ന പുതിയ വിനോദസഞ്ചാര ശൃംഖല അടുത്ത മാസം തുടങ്ങും. ഡെസര്‍ട്ട് സര്‍ക്യൂട്ട്, ഹെറിറ്റേജ് സര്‍ക്യൂട്ട് എന്ന പേരില്‍തുടങ്ങുന്ന പാക്കേജുകള്‍ക്കായി ഇടത്തരം ആഡംബര ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേയും ഐആര്‍സിടിസിയും ഒരുക്കുന്നത്. ഡിസംബറില്‍തുടങ്ങുന്ന സര്‍വീസ് വേനല്‍ക്കാലത്തിന്റെ തുടക്കമായ ഏപ്രില്‍ പകുതി വരെ ഉണ്ടാകും.

സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി തട്ടിച്ചു നോക്കുമ്പോള്‍ കുറഞ്ഞ നിരക്കാണ് ഐആര്‍സിടിസി പാക്കേജിനെ വ്യത്യസ്തമാക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ എ കെ മനോഛ പറഞ്ഞു. അഞ്ച് ദിവസമാണ് രണ്ട് പാക്കേജുകളുടെയും ദൈര്‍ഘ്യം. രാജസ്ഥാന്‍ മരുഭൂമിയിലേക്കുളള പാക്കേജ നിരക്ക്  ഇനി പറയുംവിധമാണ്. ഫസ്റ്റ് ക്ലാസ് എസി ഒരാള്‍ക്ക് 36,900 രൂപ, രണ്ട് പേരുടെ കൂപ്പയ്ക്ക് 33,900, മൂന്നുപേര്‍ക്കായി 32,900 എന്നിങ്ങനെയാണ് നിരക്കുകള്‍. സെക്കന്‍ഡ് എസിയില്‍ ഇത് യഥാക്രമം 28,025, 25,025,24,525 എന്നിങ്ങനെയാണ്. തേഡ് എസിയില്‍ 24,125, 21,125, 20,625 എന്നിങ്ങനെയാണ് നിരക്ക് ഈടാക്കുന്നത്.

ഹെറിറ്റേജ് പാക്കേജ്-ഫസ്റ്റ് ക്ലാസ് എസി ഒരാള്‍ക്ക് 35,900 രൂപ, രണ്ട് പേരുടെകൂപ്പയ്ക്ക് 32,900, മൂന്നുപേര്‍ക്കായി 31,900 എന്നിങ്ങനെയാണ് നിരക്കുകള്‍. സെക്കന്‍ഡ് എസിയില്‍ ഇത് യഥാക്രമം 26,200, 23,200, 22,700. തേഡ് എസിയില്‍ 21,790, 18,790, 18,290 എന്നിങ്ങനെ നിരക്ക് ഈടാക്കും. ത്രീ സ്റ്റാര്‍ ഹോട്ടല്‍ താമസം, ഭക്ഷണം, സ്ഥലം കാണുന്നതിന് എസി വാഹനം, മറ്റു ടിക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ നിരക്കുകളെന്നതാണ് പാക്കേജിനെ ആകര്‍ഷകമാക്കുന്നത്. ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്ന ഗൈഡ്, യാത്രാ ഇന്‍ഷുറന്‍സ്, ഇരുപത്തിനാലു മണിക്കൂറും സുരക്ഷ, ഡോക്ടറുടെ സേവനം, വൈഫൈ എന്നിവയും ട്രെയിനില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മരുഭൂമി പാക്കേജില്‍ ജയസാല്‍മീര്‍, ജയ്പൂര്‍ എന്നിവിടങ്ങളാണ് പ്രധാന കേന്ദ്രങ്ങള്‍. ഇരു നഗരങ്ങളിലെയും കോട്ടകള്‍, ചരിത്രസ്മാരകങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. പൈതൃക പാക്കേജില്‍ വരാണസി, സാരാനാഥ്, ഗംഗയിലെ ബോട്ട് യാത്ര, ഗംഗാ ആരതി എന്നിവ ഉള്‍പ്പെടും. ഖജുരാഹോ ക്ഷേത്രം, ആഗ്രയിലെ താജ്മഹല്‍, ഫോര്‍ട്ട്, ഫത്തേപ്പൂര്‍സിക്രി എന്നിവയും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.