സന്മനസുള്ള കള്ളന്മാര്‍; കാറുടമയുടെ മകനെ സ്‌കൂളിലാക്കിയശേഷം കാറുമായി മോഷ്‌ടാക്കൾ മുങ്ങി

single-img
24 November 2015

robberryറിച്ച്‌മോൻഡ്‌: കാറിന്റെ ഉടമയുടെ മകനെ സ്‌കൂളിലാക്കിയശേഷം കാറുമായി മോഷ്‌ടാക്കൾ കടന്നുകളഞ്ഞു. വിർജീനയിലാണ് ഈ രസകരമായ മോഷണം നടന്നത്. കാര്‍ ഉടമയുടെ എട്ടുവയസുകാരനായ മകനെ അവസാന ബെല്ലടിക്കും മുന്പ്‌ മോഷ്‌ടാക്കൾ സ്‌കൂളിലെത്തിക്കുകയും ചെയ്തു.  മോഷ്‌ടാക്കൾക്കായുള്ള തെരച്ചിൽ പോലീസ്‌ ശക്‌തമാക്കി. കുട്ടിയുടെ മാതാവിന് സ്‌കൂൾ സമയത്തിന്‌ മുന്പേ ജോലിയിൽ പ്രവേശിക്കണമായിരുന്നു. ഇതിനാൽ മകനെ ഓഫീസിന്‌ പുറത്ത്‌ കാറിലിരുത്തിയശേഷം യുവതി ജോലിയിൽ പ്രവേശിച്ചു.

സ്‌കൂൾ സമയമാകുമ്പോൾ തിരികെയെത്തി മകനെ സ്‌കൂളിലാക്കി ജോലിയിലേക്ക്‌ മടങ്ങുന്ന രീതിയാണ്‌ യുവതി പിന്തുടർന്നിരുന്നത്‌. എന്നാൽ കഴിഞ്ഞ ദിവസം മകനെ കാറിലിരുത്തി ഓഫീസിൽപോയ യുവതി ഇടയ്‌ക്ക് തിരിച്ചെത്തിയപ്പോഴാണ്‌ കാർ മോഷണം പോയതായി കണ്ടെത്തിയത്‌. തുടർന്ന്‌ പോലീസ്‌ നടത്തിയ പരിശോധനയിൽ യുവതിയുടെ മകൻ സ്‌കൂളിലുള്ളതായി കണ്ടെത്തി. വാഹനമോഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കുട്ടിയാണ്‌ പോലീസിന്‌ വിവരിച്ചുനൽകിയത്‌.

ഡോർ ലോക്കുചെയ്‌യാത്ത കാർ കണ്ടെത്തിയ സന്തോഷത്തിൽ വാഹനവുമായി രക്ഷപ്പെടുന്നതിന്‌ ഇടയിലാണ്‌ പിൻസീറ്റിൽ ഇരിക്കുന്ന സ്‌കൂൾ കുട്ടിയെ മോഷ്‌ടാക്കൾ കണ്ടത്‌. കാറിനൊപ്പം ഉടമയുടെ മകനെയും തട്ടിയെടുക്കുന്നത്‌ മോശമെന്ന്‌ വിലയിരുത്തിയ സന്മനസുള്ള മോഷ്‌ടാക്കൾ കുട്ടിയുടെ സ്‌കൂളിന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടിയുമായി കൃത്യസമയത്ത്‌ സ്‌കൂളിലെത്തിയ മോഷ്‌ടാക്കൾ, കുട്ടിയെ ക്ലാസിലാക്കിയശേഷമാണ്‌ കാറുമായി രക്ഷപ്പെട്ടത്‌.