നമ്മൾ വെറുതെ കളയുന്ന പഴതൊലിയ്ക്കുമുണ്ട് ചില നല്ല ഗുണങ്ങൾ

single-img
23 November 2015

pazhatholi

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ് മാലിന്യ സംസ്കരണം. ലോകത്ത് ഏറ്റവും കൂടുതൽ ഉണ്ടാകുന്ന മാലിന്യം ഭക്ഷണത്തിന്റേതുമാണ്. എന്നാൽ നമ്മുടെ വീട്ടിൽ നാം ഭക്ഷിക്കുന്ന എല്ലാ പഴവർഗ്ഗങ്ങളിൽ നിന്നും വെറുതെ കളയാനായി ഒന്നും തന്നെ ഇല്ലെന്നതാണ് വാസ്തവം.

നമ്മുടെ ഭക്ഷണത്തിൽ ഏറ്റവും വലിയ സ്ഥാനമാണ് വാഴപ്പഴങ്ങൾക്ക്. ഇന്ന് വിവിധയിനം പഴങ്ങൾ വിപണിയിൽ ലഭ്യവുമാണ്. എന്നാൽ പഴത്തിൽ നിന്നും എല്ലാവരും വെറുതെ കളയുന്ന ഭാഗമാണ് പഴത്തൊലി. ഇതിനും ചില കാര്യങ്ങൾ ചെയ്യാനാകും. പഴത്തൊലിവെച്ച് എന്ത് ചെയ്യാൻ എന്ന് സംശയിക്കേണ്ട, പല ഉപയോഗങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

പഴം കഴിച്ചിട്ട് തോന്നിയപടി വലിച്ചെറിയുമ്പോൾ അതിൽ ചവിട്ടി വീഴുന്നത് പതിവാണ്. പഴത്തൊലി ഉപേക്ഷിക്കാതിരുന്നാൽ ആദ്യത്തെ ഗുണം അത് തന്നെ.

  • ത്വക്ക് സമ്പന്ധമായ പല പ്രശ്നങ്ങൾക്കും പഴത്തൊലി ഉത്തമം.

മനുഷ്യ ശരീരത്തിലെ ത്വക്കുകൾക്ക് ആവശ്യമായ ചില പ്രോട്ടീൻ വസ്തുക്കൾ അടങ്ങിയവയാണ് പഴത്തൊലി. ത്വക്കിന് മുകളിലുണ്ടാകുന്ന കുരുപ്പുകൾ (പിംപിൾസ്), ചതവുകൾ, പൊള്ളൽ എന്നിവയ്ക്ക് ഇത് ഉപയോഗിക്കാം. പഴത്തൊലിയുടെ ഉൾഭാഗത്താൽ ഇവ ബാധിച്ച ഇടങ്ങളിൽ ഉരസ്സുന്നതുവഴി ത്വക്കിലുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ഭേതമാക്കാം.

  • പഴത്തൊലി ചെടികൾക്ക് നല്ല വളം

നല്ലൊരു ജൈവവളം കൂടിയാണ് പഴത്തൊലി. മണ്ണിലെ ഭലഭൂഷ്ടി വർദ്ധിപ്പിക്കാൻ ആവശ്യമായ പൊട്ടാസിയവും ഫോസ്ഫറസും വളരെയധികം ഇതിൽ അടങ്ങിയിരിക്കുന്നു. പഴത്തൊലികൾ വെറുതെ ചെടികൾക്കും മരങ്ങൾക്കും ചുവട്ടിൽ ഇടുന്നത് തന്നെ ഗുണകരമാണ്. കൂടാതെ ഇതുപയോഗിച്ച് കംപോസ്റ്റുകൾ ഉണ്ടാക്കിയും വളമാക്കാം.

വീട്ടിൽ പൂന്തോട്ടമുണ്ടെങ്കിൽ അവിടെയും പഴത്തൊലിക്ക് ചില കാര്യങ്ങൾ ചെയ്യാനാകും. ചിത്രശലങ്ങളേയും മറ്റും ആകർഷിക്കുന്ന പ്രത്യേക രാസവസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പഴത്തൊലി പൂന്തോട്ടത്തിൽ നിക്ഷേപിക്കുന്നത് വഴി മണ്ണിന്റെ വളക്കൂറ് വർദ്ധിക്കുന്നതിന് പുറമെ ശലഭങ്ങളേയും മറ്റ് പ്രാണികളേയും പൂന്തോട്ടത്തിലേക്ക് ആകർഷിക്കും. ഇതുവഴി പരാഗണപ്രക്രിയ (pollination) നടക്കുന്നു.

  • പല്ലിന് വെളുത്ത നിറം നൽകുന്നു

പഴത്തൊലിയുടെ ഉൾഭാഗം കൊണ്ട് നമ്മുടെ പല്ല്തേക്കുന്നത് വഴി പല്ലിന് വെളുത്ത നിറവും ഇനാമലിന് നല്ല കട്ടിയും ലഭിക്കും. ദിനവും പേസ്റ്റ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നതിന് പുറമെ പഴത്തൊലി ഉപയോഗിക്കുന്നതും നല്ലതായിരിക്കും. അതിന് ശേഷം പഴത്തൊലി വളമായി ഉപയോഗിക്കാവുന്നതുമാണ്.

  • മാംസഭക്ഷണങ്ങൾ എളുപ്പത്തിൽ വേകാൻ സഹായിക്കുന്നു

മാംസഭക്ഷണങ്ങൾ പ്രത്യേകിച്ച് കോഴിയിറച്ചി വേഗത്തിൽ വേഗുന്നതിന് പഴത്തൊലി ഉപയോഗിക്കാം. വേകിക്കാൻ എടുക്കുന്ന പാത്രത്തിൽ വൃത്തിയാക്കിയ പഴക്കം ചെല്ലാത്ത പഴത്തൊലിയുടെ ഉൾഭാഗം വിടർത്തി വെക്കണം. എന്നിട്ട് അതിനുമുകളിൽ ചിക്കൻ വെച്ചതിന് ശേഷം പാത്രം അടച്ച് വേകിക്കണം. ചിക്കൻ എളുപ്പത്തിൽ വെന്ത് കിട്ടും. അതിന് ശേഷവും പഴത്തൊലി വളമായി ഉപയോഗിക്കാം.

  • വൃത്തിയാക്കാൻ ഉപയോഗിക്കാം

ഷൂസ്, ചെരുപ്പ് തുടങ്ങിയവ പഴത്തൊലി ഉപയോഗിച്ച് പോളിഷ് ചെയ്തു നോക്കു, തിളങ്ങും. അഴുക്ക് കളയുന്ന ചില രാസവസ്തുക്കൾ പഴത്തൊലിയുടെ പുറംഭാഗത്ത് അടങ്ങിയിട്ടുണ്ട്. അധികം പഴകാത്ത പഴത്തൊലി ഉപയോഗിച്ച് പാദരക്ഷകൾ പോളിഷ് ചെയ്താൽ അത് കരിയെക്കാൾ പ്രയോജനം ചെയ്യും. കൂടാതെ തുണികളിലും മറ്റും പറ്റിപിടിച്ച കറകൾ പോകാനും ഇത് പ്രയോഗിക്കാവുന്നതാണ്.

  • മുടി വളരാൻ ഉത്തമം

പഴത്തൊലിയുടെ ചാറ് തേനും ചേർത്ത് തലയിൽ പുരട്ടുന്നത് മുടിപൊഴിച്ചിൽ ഒഴിവാക്കുകയും മുടിവളരാൻ സഹായിക്കുകയും ചെയ്യും. ഇത് മുടിയുടെ കട്ടി കുറച്ച് വളരെ ലോലമാക്കുകയും ചെയ്യുന്നു.

ഇന്ന് ലോകത്ത് ഏതാണ്ട് 10 മില്ല്യൺ വാഴപ്പഴങ്ങളാണ് ശരാശരി ഒരു ദിവസം മനുഷ്യർ ഭക്ഷിക്കുന്നത്. ഇവയുടെയെല്ലാം തൊലികൾ വെറുതെ കളയുകയാണെങ്കിൽ എത്ര വലിയ മാലിന്യ കൂമ്പാരമായി അത് മാറും എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? പഴത്തൊലികൾ ഉപയോഗപ്പെടുത്തുന്നതിലൂടെ അത്തരം പ്രശ്നങ്ങളെല്ലാം തന്നെ ഒഴിവാക്കാം. അതോടൊപ്പം ചില നേട്ടങ്ങളും കൈവരിക്കാം.