വജ്രലോകത്തെ ഭീമാകാരന്‍; കള്ളിനണ്‍

single-img
23 November 2015

10a86c4416a87d654eb68b2e4ed22e0a

ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലിപ്പമേറിയതും മൂല്യമേറിയതുമായ വജ്രക്കല്ലാണ് കള്ളിനണ്‍ ഡയമണ്ഡ്. 3106 മെട്രിക്ക് കാരറ്റ് ഭാരവും 10 സെന്റീമീറ്റര്‍ നീളവുമുള്ള കള്ളിനണിന്റെ അസാധാരണമായ നിറമാണ് ഇതിനെ അത്യാകര്‍ഷകമാക്കുന്നത്. നീല കലര്‍ന്ന വെള്ള നിറമാണിതിന്, അതിനാല്‍ ഇതിനെ ഇന്ദ്രനീലക്കല്ല് എന്നും പറയാറുണ്ട്.

ഇതിനെല്ലാമുപരി മറ്റ് വജ്രങ്ങളുമായി താരതമ്യപ്പെടുത്താനാകാത്ത വിശുദ്ധിയാണ് കള്ളിനണിന് ഇത്ര വിലമതിക്കാനുള്ള കാരണവും. കള്ളിനണ്‍ വജ്രങ്ങളുടെ ശ്രേണിയില്‍പ്പെട്ട ഏറ്റവും അമൂല്യമായി കണക്കാക്കുന്നത് ‘കള്ളിനണ്‍1’ അഥവ ‘സ്റ്റാര്‍ ആഫ്രിക്ക ഫസ്റ്റ്’ എന്ന കല്ലാണ്. 530.6 കാരറ്റ് (106 ഗ്രാം) ‘കള്ളിനണ്‍1’ന് 400 മില്യണ്‍ ഡോളര്‍ (ഏകദേശം 265 കോടി) വില വരും.

ലോകത്തിന്റെ വജ്രക്കലവറയെന്ന് അറിയപ്പെടുന്ന ദക്ഷിണാഫ്രിക്ക തന്നെയാണ് കള്ളിനണിന്റെ ജന്മഭൂമി. 1905ല്‍ അവിടത്തെ പ്രീമിയര്‍ ഖനിയില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. ഖനന കമ്പനിയുടെ ചെയര്‍മാനായിരുന്ന തോമസ് കള്ളിനണിന്റെ സ്മരണാര്‍ത്തം ഈ വജ്രത്തിന് കള്ളിനണ്‍ എന്ന് പേരു നല്‍കുകയും ചെയ്തു. 1907ല്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിയായിരുന്ന എഡ്വേര്‍ഡ് ഏഴാമന്‍ രാജാവിന് അദ്ദേഹത്തിന്റെ വിശ്വസ്തതയുടെ ചിഹ്നമായി കള്ളിനണ്‍ വജ്രം നല്‍കി ആദരിച്ചിരുന്നു.

ലോകത്തെ ഒരു അമൂല്യ വസ്തുവാണ് വജ്രം. ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായി വജ്രം കണക്കാക്കപ്പെടുന്നു. ഒരു ലോഹം കൊണ്ട് വജ്രത്തെ മുറിക്കാന്‍ സാധ്യമല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. വജ്രത്തെ മുറിക്കാന്‍ വജ്രം തന്നെ വേണം. വജ്രപ്പൊടി ചേര്‍ത്തുണ്ടാക്കിയ ലോഹവാള്‍ ഇതിന് ഉപയോഗിക്കുന്നു.

1955ല്‍ വരെ ഖനികളില്‍ നിന്ന് മാത്രമായിരുന്നു വജ്രം കിട്ടിയിരുന്നത്. എന്നാല്‍ രാസക്രിയയുടെ ഫലമായി വജ്രമുണ്ടാക്കാനുള്ള മാര്‍ഗ്ഗം അതിനു ശേഷം വികസിപ്പിച്ചെടുത്തു. ഖനിയില്‍ നിന്ന് ലഭിക്കുന്ന വജ്രത്തെ പ്രകൃതിദത്ത വജ്രമെന്നും രാസപ്രക്രിയമൂലമുണ്ടാക്കുന്ന വജ്രത്തെ കൃത്രിമ വജ്രമെന്നും വിളിക്കുന്നു. കള്ളിനണ്‍ ഒരു പ്രകൃതിദത്ത വജ്രമാണ്. വജ്രഭീമന്‍ എന്നറിയപ്പെടുന്ന കള്ളിനണ്‍ വജ്രം പല ആകൃതികളില്‍ മുറിച്ച് മിനുസ്സപ്പെടുത്തിയാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.