പഞ്ചായത്ത് ഓഫീസിലെ ശുചീകരണ തൊഴിലാളി അതേ പഞ്ചായത്തില്‍ ഇന്ന് പ്രസിഡന്റ് കസേരയില്‍

single-img
21 November 2015

president1-45sVA

തിരുവനന്തപുരം: കോട്ടുകാലില്‍ പഞ്ചായത്തോഫീസിലെ ശുചീകരണ തൊഴിലാളിയായിരുന്ന പി. സജി ഇനി മുതല്‍ അതേ പഞ്ചായത്തിന്റെ പ്രസിഡന്റ്. ഓഫിസുകള്‍ വൃത്തിയാക്കിയും ഫയലുകള്‍ ആവശ്യമുള്ളടുത്തൊക്കെ എത്തിച്ചും കഴിഞ്ഞ പത്തുവര്‍ഷമായി നെല്ലുമൂട് സ്വദേശിയായ സജി പഞ്ചായത്തോഫീസിലുണ്ട്. ഇപ്പോള്‍ അതേ പഞ്ചായത്തിന്റെ മാതാവായി. ഇനി കോട്ടുകാലില്‍ പഞ്ചായത്ത് മുഴുവന്‍ വൃത്തിയാക്കുന്ന ധൗത്യമാണ് സജിയ്ക്ക്.

കോട്ടുകാലില്‍ പഞ്ചായത്തോഫീസില്‍ ഏതാനും ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ തൂപ്പുകാരിയിരുന്നു സജി. എന്നാല്‍ അതേ പഞ്ചായത്തിന്റെ പ്രസിഡന്റ് ആയതിനോട് പൊരുത്തപ്പെടാനാകാത്ത അവസ്ഥയിലാണ് ഇപ്പോഴും അവര്‍. സമീപത്തെ വീട്ടുകളിലും പെട്രോള്‍ പമ്പിലുമൊക്കെ കഠിന ജോലികള്‍ ചെയ്തായിരുന്നു സജി ജീവിതം മുന്നോട്ടു നയിച്ചിരുന്നത്. ഇതിനിടയില്‍ രാഷ്ട്രീയം മറന്നുവെന്നതാണ് സത്യം.

യുഡിഎഫ് സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചതോടെയാണ് കോട്ടുകാല്‍ പഞ്ചായത്തിലെ മണ്ണക്കല്‍ വാര്‍ഡില്‍ സജി സ്വതന്ത്രയായി മത്സരിച്ചത്. യുഡിഎഫിന് ഏഴും എല്‍ഡിഎഫിന് ആറും അംഗങ്ങളുള്ള പഞ്ചായത്തില്‍ സജി അടക്കമുള്ള രണ്ട് സ്വതന്ത്രരുടെ നിര്‍ണായക പിന്തുണയിലാണ് എല്‍ഡിഎഫിന് ഭരണത്തിലേറാന്‍ കഴിഞ്ഞത്. പഞ്ചായത്തിലെ പരിചയവും തന്റെ ജീവിതാനുഭവങ്ങളും താഴെതട്ടിലുള്ള ജനങ്ങളോട് ഇടപെടേണ്ടിവരുന്ന പ്രസിഡന്റ് പദവിക്ക് ഏറെ ഗുണം ചെയ്യുമെന്ന് സജി വിശ്വസിക്കുന്നു.