സിറിയയിലെ ഐസിസ് ഭീകര കേന്ദ്രങ്ങളില്‍ കനത്ത നാശം വിതച്ച് റഷ്യ വര്‍ഷിക്കുന്നത് ‘ഇത് പരീസിനു വേണ്ടി’ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ബോംബുകള്‍

single-img
21 November 2015

Russia

ഐസിസിനെ തകര്‍ക്കാന്‍ റഷ്യ സിറിയയില്‍ വര്‍ഷിക്കുന്ന ബോംബുകള്‍ ‘പാരീസിന് വേണ്ടി’ എന്ന് രേഖപ്പെടുത്തിയത്
മോസ്‌കോ: സിറിയയില്‍ ഐസിസ് കേന്ദ്രങ്ങളില്‍ റഷ്യ വര്‍ഷിക്കുന്നത് ‘പാരീസിന് വേണ്ടി’ എന്ന് രേഖപ്പെടുത്തിയ ഏരിയല്‍ ബോംബുകള്‍. ‘ഞങ്ങളുടെ ജനങ്ങള്‍ക്ക്, പാരീസിന് വേണ്ടി’ എന്നിങ്ങനെ കറുത്ത മഴിയില്‍ ബോംബുകളില്‍ രേഖപ്പെടുത്തിയാണ് യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കുന്നത്. സിറിയയിലെ റഷ്യന്‍ വ്യോമതാവളത്തില്‍ നിന്ന് പുറപ്പെടുന്ന യുദ്ധവിമാനങ്ങളിലെല്ലാം വന്‍ പ്രഹരശേഷിയുള്ള ബോംബുകള്‍ ഘടിപ്പിക്കുന്നതിന് മുമ്പ് ഇങ്ങനെ എഴുതിച്ചേര്‍ക്കുന്നതിന്റെ വീഡിയോ റഷ്യന്‍ പ്രതിരോധമന്ത്രാലയം പുറത്തുവിട്ടിരിക്കുകയാണ്.

ഹെമിം വ്യോമതാവളത്തില്‍ നിന്നുള്ള പൈലറ്റുമാരും ടെക്‌നീഷ്യന്മാരും ഐസിസ് തീവ്രവാദികള്‍ക്ക് എയര്‍മെയില്‍ വഴി ‘ഞങ്ങളുടെ ജനതയ്ക്ക്, പാരീസിന് വേണ്ടി എന്നീ സന്ദേശം നല്‍കുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. റഷ്യന്‍ സൈന്യം ഫ്രാന്‍സുമായി ചേര്‍ന്ന് ഐസിസിനെതിരെ ആക്രമണം ആസൂത്രണം ചെയ്തുവരുകയാണെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഈജിപ്തിലെ സിനായില്‍ കഴിഞ്ഞമാസം റഷ്യന്‍ യാത്രാവിമാനം തകര്‍ത്ത് 224 പേരെ കൊലപ്പെടുത്തിയ ഐസിസ് ഭീകരരെ ശിക്ഷിക്കുമെന്നും അവരെ നശിപ്പിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമീര്‍ പുചിന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ പാരീസിലെ ഐ.എസ് ആക്രമണങ്ങളില്‍ 130 പേര്‍ മരിക്കുക കൂടി ചെയ്തതോടെ ഇരുരാജ്യങ്ങളും സംയുക്തമായാണ് സിറിയയിലെ ഐ.എസ് ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള പദ്ധതി തയാറാക്കുന്നത്. അടുത്തയാഴ്ച റഷ്യന്‍ പ്രസിഡന്റ് പുചിനും ഫ്രെഞ്ച് പ്രസിഡന്റ് ഫ്രാകോയിസ് ഒലാദും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.