ചെര്‍പ്പുളശേരി ഉപജില്ലാ കലോത്സവത്തില്‍ പുലാപ്പറ്റ എം.എന്‍.കെ.എം. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌നേഹ എന്‍ പിയെന്ന വിദ്യാര്‍ത്ഥിനിയുടെ തൂലികയില്‍ വിരിഞ്ഞ കവിത

single-img
21 November 2015

poem-sneha.jpg.image.784.410

ചെര്‍പ്പുളശേരി ഉപജില്ലാ കലോത്സവത്തിലെ മത്സരത്തിനിടെ പിറന്ന ഒരു കുഞ്ഞു കവിത സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുകയാണ്. പുലാപ്പറ്റ എം.എന്‍.കെ.എം. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌നേഹ എന്‍ പി എഴുതിയ കവിത എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.

അടുക്കള എന്ന വിഷയത്തിലായിരുന്നു കവിതയെഴുത്ത്. ലാബ് എന്നാണ് കവിതയുടെ പേരു. കവിത ഇങ്ങനെ:

‘ലാബ്

കെമിസ്ട്രി സാറാണ് പറഞ്ഞത്
അടുക്കള ഒരു ലാബാണെന്ന്
പരീക്ഷിച്ച് നിരീക്ഷിച്ച്
നിന്നപ്പോഴാണ് കണ്ടത്
വെളുപ്പിനുണര്‍ന്ന്
പുകഞ്ഞു പുകഞ്ഞ്
തനിയെ സ്റ്റാര്‍ട്ടാകുന്ന
കരിപുരണ്ട കേടുവന്ന
ഒരു മെഷ്യീന്‍
അവിടെയെന്നും
സോഡിയം ക്ലോറൈഡ് ലായനി
ഉത്പാദിപ്പിക്കുന്നുണ്ടെന്ന്!’

ഫേസ്ബുക്കില്‍ പോസ്റ്റായി വന്ന ഈ കവിതയിലുള്ളത് പന്ത്രണ്ട് വരികള്‍. എന്നാല്‍ ഇതിലൂടെ ആ പെണ്‍കുട്ടി പറയാതെ പറഞ്ഞത് അമ്മയെന്ന വികാരത്തെയാണ്. എഴുതിയിടാനാകാത്ത പറഞ്ഞുതീരാനാകാത്ത അമ്മ എന്ന വികാരം. കവിത പെട്ടെന്ന് വായിച്ചു തീരുമ്പോള്‍ മനസിനുള്ളില്‍ വീടിന്റെ അടുക്കളയില്‍ ഓടിനടന്ന് പണിയെടുക്കുന്ന, മുഷിഞ്ഞ സാരിത്തുമ്പു പിടിച്ച് വിയര്‍പ്പ് തുടയ്ക്കുന്ന അമ്മയുടെ ചിത്രം വ്യക്തമായി വരും. അമ്മയെന്നാല്‍ പുകഞ്ഞു പുകഞ്ഞു പുകഞ്ഞു തനിയെ സ്റ്റാര്‍ട്ടാകുന്ന കരിപുരണ്ട കേടുവന്ന ഒരു മെഷീനാണെന്നാണ് കവിതയില്‍ കുട്ടി ഉപമിച്ചിരിക്കുന്നത്. സ്വന്തം വയര്‍ കാലിയാക്കി സദാസമയം മക്കള്‍ക്ക് വേണ്ടി ജീവിക്കുന്ന അമ്മയെ ലളിതമായ ഭാഷയിലാണ് കുട്ടി അവതരിപ്പിച്ചെങ്കിലും അതിലെ വാക്കുകള്‍ക്ക് അതിയായ തീവ്രതയുണ്ട്.