ചന്ദ്രബോസ് വധക്കേസ്: നിഷാം നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ ഹാജരായില്ല, കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം

single-img
21 November 2015

nisam-01

ദില്ലി: ചന്ദ്രബോസ് വധക്കേസിലെ പ്രതിയായ മുഹമ്മദ് നിഷാം നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ കേരളാ സര്‍ക്കാരിന്റെ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായില്ല. നിഷാം സര്‍ക്കാറിനെ കൂട്ടുപിടിച്ച് കേസ് അട്ടികറിക്കാനുള്ള ശ്രമം നടത്തുന്നുവെന്ന് സംശയം. സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന നിഷാമിന്റെ ആവശ്യം പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു.

ചന്ദ്രബോസ് വധക്കേസിലെ വിചാരണ കേരളത്തില്‍ നടന്നാല്‍ തനിക്ക് നീതി കിട്ടില്ലെന്നും കേസ് കേരളത്തിന് പുറത്തുള്ള ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് മുഹമ്മദ് നിഷാം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേല്‍ക്കേണ്ടിവരുന്നുവെന്നും, സാക്ഷികളെ ഭീഷണിപ്പെടുത്തി തനിക്കെതിരാക്കുകയാണെന്നും നിഷാം കോടതിയില്‍ ആരോപിച്ചു. പൊലീസ് മര്‍ദ്ദനത്തിന് തെളിവായി ചില ഫോട്ടോകളും നിഷാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജാരാക്കി.

ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരാണെന്നും, എവിടെയാണെന്നും സുപ്രീംകോടതി ചോദിച്ചത്. എന്നാന്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. സര്‍ക്കാര്‍ അഭിഭാഷകന്‍ എത്താത്തതുകൊണ്ട് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. കൂടാതെ ഹര്‍ജിയുടെ പകര്‍പ്പ് പ്രോസിക്യൂട്ടറായ രമേഷ് ബാബുവിന് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് സുപ്രീം കോടതിയില്‍ നിഷാം ജാമ്യാപേക്ഷ നല്‍കിയിരുന്നു. അന്ന് നിഷാമിനെതിരെ വാദിക്കാന്‍ കോടതിയുടെ നോട്ടീസ് ഇല്ലാതിരുന്നിട്ടുപോലും സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെയാണ് ഹാജരാക്കിയത്. അന്ന് കോടതി നിഷാമിന്റെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. നിലവിലെ സാഹചര്യത്തിലും കോടതിയുടെ നോട്ടീസ് ഉണ്ടായിരുന്നില്ല എന്ന സാങ്കേതികത്വം സര്‍ക്കാരിന് ചൂണ്ടിക്കാണിക്കാമെങ്കിലും ഇത്രയും പ്രധാനപ്പെട്ട കേസില്‍ മുന്‍കരുതല്‍ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ ഗൗരവംകാട്ടാത്ത സാഹചര്യത്തില്‍ ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിഷാമിന് കൂട്ടുനില്‍ക്കുകയാണെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരിക്കുകയാണ്.

ഇതിനുപുറമെ കേസിലെ പ്രതിയായ നിഷാമിന് ഏന്താണ് തൊഴില്‍ എന്ന കോടതിയുടെ ചോദ്യത്തിന് ബീഡി കമ്പനി പോലുള്ള വ്യവസായമാണെന്നായിരുന്നു നിഷാമിന്റെ അഭിഭാഷകന്‍ നല്‍കിയ മറുപടി. അതുപോലും അറിയാതെയാണോ നിഷാമിന് വേണ്ടി കേസ് വാദിക്കുന്നതെന്ന് അഭിഭാഷകനോട് കോടതി പ്രതികരിക്കുകയും ചെയ്തു.