അടിമുടി മാറാനൊരുങ്ങി ഇന്നോവ

single-img
20 November 2015

11e652b0-789a-48f6-b028-e0030153387c

മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ (എം.പി.വി) സെഗ്മന്റ് ഇന്ത്യയ്ക്ക് ആദ്യമായി പരിചയപ്പെടുത്തിയത് ടൊയോട്ടയാണ്, അവരുടെ ക്വാളിസിലൂടെ. അത് വന്‍ വിജയമായി മാറുകയും ചെയ്തു. പിന്നീട് ക്വാളിസിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചതിന് ശേഷം 2005ല്‍ ആ സ്ഥാനത്തേക്ക് ഇന്നോവയെ ടോയോട്ട എത്തിച്ചു. ഭാരതം ഒന്നടങ്കം ഇന്നോവയെ നെഞ്ചിലേറ്റുകയായിരുന്നു. ഇന്നോവയോളം ഇന്ത്യന്‍ നിരത്തുകളെ സ്വാധീനിച്ച മറ്റൊരു വാഹനവും അടുത്ത കാലങ്ങലില്‍ ഇവിടെ ഉണ്ടായിട്ടുമുണ്ടാവില്ല.

എട്ട് പേര്‍ക്ക് യാത്രചെയ്യാവുന്ന സ്ഥലസൗകര്യം, സുഖമരമായ യാത്ര, മികച്ച ഡ്രൈവിങ് പൊസിഷന്‍, കരുത്ത്, മറ്റ് സുഖസൗകര്യങ്ങള്‍ തുടങ്ങിയ ഘടങ്ങളാണ് ഇന്നോവയെ ജനപ്രിയമാക്കിയത്. ഇന്നോവ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ശ്രിഷ്ടിച്ച തരംഗം തന്നെയാണ് മറ്റ് പല കമ്പനികളേയും എം.പി.വി നിര്‍മ്മാണത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ച കാരണവും. നിരവധി വാഹനനിര്‍മ്മാതാക്കള്‍ അവരവരുടെ എം.പി.വികളെ ഇവിടെ അവതരിപ്പിച്ചെങ്കിലും ഇന്നോവയുടെ വിപണി തകര്‍ക്കാന്‍ ഇതുവരെ അവയ്‌ക്കൊന്നും സാധിച്ചിട്ടില്ല. 2005ല്‍ ഇന്നോവ ഇന്ത്യന്‍ നിരത്തില്‍ അരങ്ങേറ്റം കുറിച്ചതുമുതല്‍ ഒരു ദശാബ്ദത്തിനിടെ 5.43 ലക്ഷത്തോളം ഇന്നോവകളാണ് ആഭ്യന്തര വിപണിയില്‍ വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷമാവട്ടെ ടൊയോട്ടയുടെ മൊത്തം വാഹന വില്‍പ്പനയില്‍ 45 ശതമാനവും ഇന്നോവയായിരുന്നു.

കാലനുസൃതമായി പല മാറ്റങ്ങളും ഇന്നോവയില്‍ ടൊയോട്ട വരുത്തിയിട്ടുണ്ടെങ്കിലും കാര്യമായി ഒന്നു ചെയ്തിട്ടില്ലായിരുന്നു. അത് ചില ഉപഭോക്താക്കളില്‍ പരാതിയും ശൃഷ്ടിച്ചിരുന്നു. ഇപ്പോല്‍ അതിന് പരിഹാരമായി പുതുപുത്തന്‍ ഇന്നോവയെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടോയോട്ട. നവംബര്‍ 22 ന് ഇന്‍ഡോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്ത മോട്ടോര്‍ഷോയില്‍ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്ന പുത്തന്‍ ഇന്നോവ 2016 ഫെബ്രുവരിയിലെ ഡല്‍ഹി ഓട്ടോ എക്‌സ്പോയിലായിരിക്കും ആദ്യം ഇന്ത്യയില്‍ അവതരിപ്പിക്കുക.

മൊത്തത്തില്‍ പുതിയ രൂപത്തിലും ഭാവത്തിലുമെത്തുന്ന ഇന്നോവയില്‍ അപ്പ്മാര്‍ക്കറ്റ് ലുക്ക് കൊടുക്കാനാണ് ടൊയോട്ട ശ്രമിച്ചിരിക്കുന്നത്. ഇന്റീരിയറിലും എക്റ്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ സ്റ്റിയറിംഗ് വീല്‍, മള്‍ട്ടി മിഡിയ സിസ്റ്റം, പുതിയ മീറ്റര്‍ കണ്‍സോള്‍ എന്നിവ ഇന്നോവ 2016 ന്റെ പുതുമകളില്‍ ചിലത് മാത്രം.

പൂര്‍ണ്ണമായും പുതിയ, ടിഎംജിഎ പ്ലാറ്റ്‌ഫോമിലായിരിക്കും ഇന്നോവ 2016 നിര്‍മ്മിക്കുക. മേജര്‍ മോഡല്‍ ചേഞ്ച്(എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ഇന്നോവയുടെ രൂപമാറ്റമെന്ന് കമ്പനി വിശദീകരിക്കുന്നു. എന്നാല്‍ ടാക്‌സി വിഭാഗത്തില്‍ പുതിയ ‘ഇന്നോവ’ വില്‍പ്പനയ്ക്കില്ലെന്നാണ് സൂചന. പകരം വ്യക്തിഗത ഉപയോഗത്തിനാവും ടൊയോട്ട മുന്‍ഗണന നല്‍കുക. ഒപ്പം ട്രാവല്‍/ടൂറിസം മേഖലയ്ക്കായി പഴയ ഇന്നോവ’ നിലനിര്‍ത്താനുള്ള സാധ്യത ടൊയോട്ട പരിഗണിക്കുന്നുമുണ്ട്. വ്യക്തിഗത ഉപയോഗത്തിനുള്ള എം പി വികള്‍ക്കുള്ള ആവശ്യം ഗണ്യമായി ഉയരുന്നത് തന്നെയാണ് കമ്പനി ഇങ്ങനെയൊരു തീരുമനമെടുക്കാന്‍ കാരണം. കൂടാതെ നഗരങ്ങള്‍ക്കിടയിലെ യാത്രകളില്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും ക്രമമായി ഉയരുന്നുണ്ട്.

ഇപ്പോള്‍ പന്ത്രണ്ടോളം വകഭേദങ്ങളില്‍ വില്‍പ്പനയ്ക്കുള്ള ഇന്നോവയ്ക്ക് 11 മുതല്‍ 17 ലക്ഷം രൂപ വരെയാണ് വില. ഇതേ ശ്രേണിയില്‍ തന്നെയാണ് പുതിയ ഇന്നോവയുടെയും വില പ്രതീക്ഷിക്കുന്നത്. ഇന്തോനേഷ്യന്‍ വിപണിയില്‍ ആദ്യം എത്തിക്കുന്ന വാഹനത്തിന് പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ വില്‍പ്പനയ്ക്കുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഡീസല്‍ എന്‍ജിന് മുന്‍തൂക്കമുള്ളതിനാല്‍ അതിനാവും കൂടുതല്‍ സാധ്യത. വാഹന വിപണിയില്‍ ചരിത്രം സൃഷ്ടിച്ച കാറാണ് ടൊയോട്ട ഇന്നോവ. ഏറെ പുതുമകളോടെ എത്തുന്ന ‘ഇന്നോവ 2016’ ആ ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷിയോടെ കാത്തിരിക്കാം.