ബാര്‍ കോഴക്കേസില്‍ സത്യം പുറത്തുകൊണ്ടുവന്ന അറിയപ്പെടാത്ത വ്യക്തിത്വം; അജിത് ജോയി എന്ന സാധാരണക്കാരന്റെ വക്കീല്‍

single-img
19 November 2015

10joy

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പുറത്തായ മുന്‍മന്ത്രി കെ.എം മാണിയ്‌ക്കെതിരെയും വിജിലന്‍സ് വിഭാഗത്തിന്റെ അട്ടിമറി ശ്രമങ്ങളും കോടതിയ്ക്ക് മുന്നില്‍ കൊണ്ടുവന്നത് ആം ആദ്മി നേതാവ് അഡ്വ. അജിത് ജോയ് എന്ന സാധാരണക്കാരന്റെ വക്കീല്‍. അധികമാരും അറിയാതെപോയ സത്യത്തിന്റെ കൂടെനിന്ന് പോരാടിയ അജിത് ജോയി തുടക്കം മുതല്‍ കെ എം മാണിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കുമെതിരെ വാദിച്ചിരുന്നു. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി കപില്‍ സിപലിനെ പോലുള്ള രാജ്യത്തെ മുന്തിയ അഭിഭാഷകര്‍ മാണിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായപ്പോള്‍ ഒരു രൂപപോലും പ്രതിഫലം കൈപ്പറ്റാതെ സത്യം പുറത്ത്‌കൊണ്ടുവരാന്‍ ശ്രമിച്ച വ്യക്തിയാണ് അഡ്വ. അജിത് ജോയി.

ബാര്‍ കോഴക്കേസില്‍ ആദ്യമായി മാണിയ്‌ക്കെതിരെ കോടതിയില്‍ വാദിച്ചത് അജിത് ജോയിയാണ്. കേസില്‍ ആം ആദ്മി പാര്‍ട്ടിയും കക്ഷി ചേര്‍ന്നിരുന്നു. ബാര്‍ കോഴക്കേസില്‍ അദ്ദേഹം ഉന്നയിച്ച സുപ്രധാന ചോദ്യങ്ങളാണ് പിന്നീട് കേസിന്റെ മുഖ്യ വഴിത്തിരിവായി മാറിയത്. ‘ഫാക്റ്റ്വല്‍ റിപ്പോര്‍ട്ടില്‍ മാണിക്കെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂട്ട് ചെയ്യണം എന്നും പറഞ്ഞ അന്വേഷണ ഉദ്യോസ്ഥന്‍ എസ്.പി സുകേഷന്‍ 26 ദിവസങ്ങള്‍ക്ക് ശേഷം സമര്‍പ്പിച്ച ഫൈനല്‍ റിപ്പോര്‍ട്ടില്‍ മാണിക്കെതിരെ തെളിവില്ലെന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്?’, ’26 ദിവസത്തിനിടയില്‍ എന്തെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തുകയോ പുതിയ വല്ല തെളിവുകള്‍ കണ്ടെത്തുകയോ ചെയ്‌തോ?’ അഡ്വ. അജിത് ജോയി ഉന്നയിച്ച പ്രസ്തുത ചോദ്യങ്ങള്‍ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ അട്ടിമറി ശ്രമങ്ങള്‍ പുറത്ത്‌കൊണ്ടുവരാന്‍ ഏറെ സഹായകമായി.

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ സുപ്രീം കോടതി അഭിഭാഷകരുടെ നിയമോപദേശം തേടിയത് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി സുകേശനെ സമ്മര്‍ദ്ധത്തിലാക്കുവാന്‍ വേണ്ടിയാണെന്ന് അജിത് ജോയി വാദിച്ചു. അതിന് കാരണമായി അദ്ദേഹം തെളിവുകളും നിരത്തി. ചാര്‍ജ്ജ് ഷീറ്റ് കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള അവകാശവും അധികാരവും അന്വേഷണ ഉദ്യോഗസ്ഥന് മാത്രമാണ് എന്ന് താജ് കോറിഡോര്‍ കേസില്‍ (M.C. Mehta vs Union of India & Ors on November 2006 ) സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. മേല്‍പ്പറഞ്ഞ വിധിയില്‍, അന്വേഷണ ടീം അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വിത്യാസം ഉണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അറ്റോര്‍ണി ജനറലിനെ മാത്രമേ സമീപിക്കാന്‍ പാടുള്ളൂ എന്ന് പറയുന്നുണ്ട്. ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്നിരിക്കെ അറ്റോര്‍ണി ജനറല്‍ അല്ലാത്ത സുപ്രീം കോടതി അഭിഭാഷകരുടെ നിയമോപദേശം വിജിലന്‍സ് ഡയറക്ടര്‍ തേടിയത് അന്വേഷണ ഉദ്യോഗസ്ഥനെ സമ്മര്‍ദ്ദത്തിലാക്കാന്‍ വേണ്ടിയാണെന്ന് അജിത് ജോയി വാദിച്ചിരുന്നു. കോടതിയ്ക്ക് അദ്ദേഹം ഉന്നയിച്ച വാദങ്ങള്‍ വസ്തുതാപരമാണെന്ന് ബോധ്യമായതിനാലാണ് കേസിലെ അട്ടിമറി പുറത്തായത്. കൂടാതെ മുന്‍മന്ത്രി കെ.എം മാണി നടത്തിയ കോഴ ഇടപാടുകളുടെ വിവരങ്ങളും അജിത് ജോയി കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഐ.പി.എസ്സും ഐക്യരാഷ്ട്രസഭയിലെ ജോലിയും ഉപേക്ഷിച്ചാണ് അജിത് ജോയി രാഷ്ട്രീയത്തിലെത്തുന്നത്. 1993 ബാച്ചിലെ ഈ ഐ.പി.എസ് ഉഗ്യോഗസ്ഥന്റെ ജീവിതം ഏറെ സംഭവബഹുലമാണ്. അനീതിയ്ക്കും അക്രമങ്ങള്‍ക്കുമെതിരായ അജിത് ജോയിയുടെ ജീവിതത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തലശ്ശേരിയില്‍ എസ്.പിയായിട്ടാണ് അജിത് ജോയി തന്റെ പോലീസ് ജീവിതം തുടങ്ങിയത്. പിന്നീട് പലയിടങ്ങളിലും പോലീസ് സേനയുടെ പല വിഭാഗങ്ങളില്‍ സേവനമനുഷ്ടിച്ചു. ബിഹാറിലെ ചപ്രയിലും കിഷന്‍ഗഞ്ചിലും കൊള്ളക്കാരുടെ പേടിസ്വപ്നമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പോലീസ് സര്‍വ്വീസിലെ അഴിമതിയും അനീതിയും കണ്ടുമടുത്ത അജിത് ജോയി 2004ല്‍ കാക്കി അഴിച്ചുവെച്ച് ജനസേവനത്തിലേക്ക് ചുവട് വെച്ചു. പോലീസ് പരിശീലനകാലത്ത് സഹപ്രവര്‍ത്തകനായിരുന്ന അരവിന്ദ് കെജ്രിവാളിനൊപ്പം ആം ആദ്മിയില്‍ അംഗമായി. ഇപ്പോള്‍ ഐക്യ രാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റായി അജിത് ജോയി വിവിധ രാജ്യങ്ങളില്‍ പോലീസ് ട്രെയിനിംഗ് നല്‍കുന്നു. തന്റെ പ്രവര്‍ത്തനമേഖല ഏതായിരുന്നാലും അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ അദ്ദേഹം എന്നും ധൈര്യം കാണിച്ചിരുന്നു. ഇങ്ങനെയുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ ജനനന്മയ്ക്കായി എക്കാലവും നിലകൊള്ളട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.